ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ; പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനുള്ള നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ പദ്ധതി കൈയ്യോടെ പിടികൂടി പഞ്ചാബ് പോലീസ്

തീവ്രവാദ സംഘടനയുടെ വൻ ഭീകരാക്രമണ പദ്ധതി കൈയ്യോടെ പരാജയപ്പെടുത്തി പഞ്ചാബ് പോലീസ്. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനുള്ള നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ പദ്ധതിയാണ് പഞ്ചാബ് പോലീസ് കൈയ്യോടെ പിടികൂടിയത്. ദേശീയ സുരക്ഷാഭീഷണിയുയര്‍ത്തുന്ന സംഭവമായതിനാല്‍ വിഷയം എന്‍ഐഎയ്ക്ക് കൈമാറി.
പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് നാല് ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ-പാക് അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലീസ് നിഗമനം. പിടികൂടിയവരില്‍ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിര്‍ത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചത് ശ്രദ്ധയില്‍ പെട്ടതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്ത മാധ്യമങ്ങളെ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പിശോധനയിലാണ് അക്രമണ പരമ്പര തടയാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ആകാശ് ദീപ്, ബല്‍വന്ത് സിങ് എന്നിവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഐഎസ്‌ഐയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നതായാണ് വിവരം. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ തലവന്‍ രഞ്ജിത് സിങ്ങും ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ദേശീയ സുരക്ഷാഭീഷണിയുയര്‍ത്തുന്ന സംഭവമായതിനാല്‍ വിഷയം എന്‍ഐഎയ്ക്ക് കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. സംസ്ഥാനത്തിനകത്തേക്കുള്ള നുഴഞ്ഞുകയറ്റവും ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തുന്നതും തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് താന്‍ തരാന്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് സംസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിച്ചത്.
പ്രധാന ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള 35 വര്‍ഷമായി തുടരുന്ന വിലക്ക് ഇന്ത്യ നീക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു . ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, പ്രത്യേക സിഖ് രാജ്യം എന്ന ആവശ്യമുന്നയിച്ചു എന്നീ തീവ്രവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. ഇത്തരത്തില്‍ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 314 പേരില്‍ 312 പേരുടെ വിലക്ക് നീക്കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം വിലക്കുള്ളവരുടെ കൃത്യമായ കണക്ക് ആഭ്യന്തര മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നവരുടെ വിലക്ക് നീക്കിയതോടെ ഇവര്‍ക്ക് രാജ്യത്ത് വരാനും ബന്ധങ്ങള്‍ പുതുക്കാനും സാധിക്കും. ഇവരില്‍ മിക്കവരും ഇപ്പോള്‍ അമേരിക്കയിലും യുകെയിലും സ്ഥിരതാമസക്കാരാണ്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഫോറിന്‍ ഡിവിഷനാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഔദ്യോഗികമായി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും തുടര്‍ച്ചയായി ഇവരെ ഇന്ത്യ നിരീക്ഷിച്ചുവരികയായിരുന്നു. പലപ്പോഴും ഇവര്‍ക്കും കുടുംബത്തിനും വിസ അനുവദിക്കാറില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഇന്ത്യ കഴിഞ്ഞ 35 വര്‍ഷമായി തുടര്‍ന്നുപോന്ന അനൗദ്യോഗിക വിലക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha