ഗൊരഖ്‍പൂരിലെ ശിശുമരണം: ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടർ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്

ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടർ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്. കഫീല്‍ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച ബി.ആർ.ഡി അധികൃതർ അദ്ദേഹത്തിന് കൈമാറി. സംഭവം നടക്കുമ്പോൾ ഡോ. കഫീൽ എൻസെഫലൈറ്റിസ്(മസ്തിഷ്കവീക്കം) വാർഡിലെ നോഡൽ ഓഫീസർ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും, സ്വന്തംനിലയ്ക്ക് 500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാന്‍ കഴിവിന്‍റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്സിജന്‍റെ വിതരണത്തിനും ടെൻഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍, ആഗസ്റ്റ് 10-12 വരെ 54 മണിക്കൂർ ഓക്സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്.
2017 ഓഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. 60 കുട്ടികളാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. ശേഷം ശിശുരോഗ വിധഗ്ദനായ ഡോക്ടർ കഫീൽ ഖാനെ സസ്പെൻ്റ് ചെയ്തത് കൂടാതെ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേൽ ചുമത്തിയ കുറ്റങ്ങള്‍. കഫീൽ ഖാനെ സസ്പെൻഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha