ഇരുട്ടടി അട്ടിമറി? വെള്ളമനങ്ങാതെ എങ്ങനെ മീനിനെ പിടിക്കാം എന്ന് ഒരിക്കല്‍ കൂടി കാണിച്ച്‌കൊടുത്ത് അമിത് ഷാ; ഒരു രാഷ്ട്രീയ നീക്കങ്ങളും പുറത്തറിയാതെ ശരത്പവാറും രാഹുല്‍ ഗാന്ധിയും കൂടി ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി അങ്ങ് തീരുമാനിച്ചു; നടന്നതാകട്ടെ അമിത്ഷായുടെ കണക്ക് കൂട്ടലുകളും

വെള്ളമനങ്ങാതെ എങ്ങനെ മീനിനെ പിടിക്കാം എന്ന് ഒരിക്കല്‍ കൂടി രാജ്യത്തിന് കാണിച്ചുതരികയാണ് അമിത് ഷാ. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്തിന് ചിറ്റപ്പന്‍ ശരത്പവാറിനെപ്പോലും അമിത്ഷാ അമ്പരപ്പിച്ചു. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്ന ഒരു നീക്കവും പുറത്തറിഞ്ഞില്ല. അതിനാല്‍ തന്നെ സോണിയയും രാഹുലും ശരത്പവാറും കൂടി എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് ഉദ്ദവ് താക്കറയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഗവര്‍ണറെ കാണാനിരുന്നു. എന്നാല്‍ ഇലയനങ്ങാതെ രാഷ്ട്രപതി ഭരണം നീക്കി ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കി. എന്തിന് ഇതിന് കാരണക്കാരന്‍ അനന്തരവനായ അജിത് പവാറാണെന്ന് ചിറ്റപ്പന്‍ ശരത് പവാര്‍ അറിഞ്ഞത് പോലും വൈകിയാണ്.
എല്ലാ തന്ത്രങ്ങള്‍ക്ക് പിന്നിലും ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായുടെ കളികളാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യചരിത്രത്തിനും അപരിചിതമായ നീക്കങ്ങളിലൂടെയാണ് ബി.ജെ.പി. ഭരണംപിടിച്ചത്. വാഗ്ദാനം, പ്രലോഭനം, ഭീഷണി, നടപടി എന്നീ പതിവ് ഉപായങ്ങള്‍തന്നെയാണ് മഹാരാഷ്ട്രയിലും ബി.ജെ.പി. പ്രയോഗിച്ചതെന്നാണു സൂചന. ഇലയനങ്ങാതെ മരം മുറിക്കാനറിയുന്ന അതിവിദഗ്ധനായ തന്ത്രജ്ഞനാണ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.
അദ്ദേഹത്തിന്റെ ചതുരുപായങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടുലനീക്കങ്ങളും ഒന്നിച്ചപ്പോഴാണ് മഹാരാഷ്ട്ര ഭരണം ഒരിക്കല്‍കൂടി ബി.ജെ.പി.യുടെ കൈകളിലെത്തുന്നത്. പാര്‍ട്ടി ദേശീയ ആസ്ഥാനത്തെ അഞ്ചാംനിലയിലുള്ള ദേശീയാധ്യക്ഷന്റെ ഔദ്യോഗികമുറിയിലും ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലും രൂപംകൊണ്ട പദ്ധതി രാജ്യത്തെ അമ്പരപ്പിച്ച രാഷ്ട്രീയ മിന്നലാക്രമണമായി. എല്ലാറ്റിനും ആര്‍.എസ്.എസിന്റെ പിന്തുണയും.
കോടിക്കണക്കിനു രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യവും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്തുയര്‍ന്ന എഴുപതിനായിരം കോടിയുടെ ജലസേചന കുംഭകോണവും പവാര്‍ കുടുംബത്തിന്റെ മുകളില്‍ തൂങ്ങുന്ന വാളുകളാണ്. അത് ബി.ജെ.പി. നേതൃത്വം സമര്‍ഥമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.
വെള്ളിയാഴ്ചരാത്രി തിടുക്കപ്പെട്ടു നടത്തിയ നീക്കങ്ങളിലൂടെയാണ് ബി.ജെ.പി.എന്‍.സി.പി. സഖ്യം രൂപപ്പെട്ടതെന്ന് വ്യാഖ്യാനമുണ്ടെങ്കിലും ഒരാഴ്ചയായി അണിയറയില്‍ നാടകീയനീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, സംഘടനാസെക്രട്ടറി ബി.എല്‍. സന്തോഷ് എന്നീ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ്. നേതൃത്വവും പവാര്‍കുടുംബവും നടത്തിയ കരുനീക്കങ്ങളാണ് ലക്ഷ്യംകണ്ടത്.
മധ്യനിര നേതാക്കളെപ്പോലും അറിയിക്കാതെ അതിരഹസ്യമായി ആവിഷ്‌കരിച്ച പദ്ധതി ശനിയാഴ്ച പുലര്‍ച്ചെ നടപ്പാക്കുകയായിരുന്നു. പാതിരാത്രിവരെ എതിരാളികള്‍ക്കെതിരേ പടനയിച്ച ഒരാള്‍, നേരം പുലര്‍ന്നപ്പോള്‍ എതിര്‍സേനയുടെ ഉപമേധാവിയായ വിചിത്രസന്ദര്‍ഭം ജനാധിപത്യത്തിനു വിചിത്രാനുഭവമായി. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് കാല്‍നൂറ്റാണ്ടുകാലത്തെ സഖ്യം പൊളിച്ച് ബദ്ധശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന ശിവസേനയ്ക്കും ഭരണം മോഹിച്ച് അവസരവാദ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനും തക്കതായ തിരിച്ചടി എന്ന നിലയിലാണ് ബി.ജെ.പി. ഇതിനെ ന്യായീകരിക്കുന്നത്.
ശത്രുക്കളായ കോണ്‍ഗ്രസിനും ശിവസേനയ്ക്കും അവസരവാദ കൂട്ടുകെട്ടുണ്ടാക്കാം. അതു ജനാധിപത്യവിരുദ്ധമല്ല. എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനസമ്മതി നേടിയ ബി.ജെ.പി. മറ്റൊരു പാര്‍ട്ടിയുമായിച്ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയാല്‍ അതു ജനാധിപത്യ വിരുദ്ധമാകുന്നതെങ്ങനെയെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം അവര്‍ക്കുള്ള മറുപടിയാണ്.
https://www.facebook.com/Malayalivartha
























