പിറന്നാള്‍ ആഘോഷത്തിനെത്തി സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ടെക്കി ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരുവിലെ ബെല്ലന്ദൂര്‍ കസവനഹള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ സോഫ്ട്വേര്‍ എന്‍ജിനീയറായ സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനെത്തിയ സുഹൃത്ത് അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായി.
ഞായറാഴ്ച രാത്രിയാണ് സംഭവം. ബിഹാര്‍ സ്വദേശിയും 26-കാരനുമായ ടെക്കി നിലഭ് നയന്‍ ആണ് അറസ്റ്റിലായത്. 24-കാരിയാണ് പീഡനത്തിന് ഇരയായത്.
ഞായറാഴ്ച ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് യുവതിയും ഭര്‍ത്താവും കസവനഹള്ളിയിലെ സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് സെന്ററില്‍ പോയി. ഈ സമയം ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളും അവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ഏറെ നേരം അവിടെ വിവിധ കളികളില്‍ ഏര്‍പ്പെട്ടശേഷം അവരെല്ലാവരും ഒരു സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് പോയി.
ഭര്‍ത്താവും സുഹൃത്തുക്കളും ബാല്‍ക്കണിയില്‍ സംസാരിച്ചിരിക്കുമ്പോള്‍ കിടക്കുന്നതിനായി ബെഡ്റൂമിലേക്ക് പോയ യുവതി കളിയുടെ ക്ഷീണത്തില്‍ മയങ്ങിപ്പോയി. ഈ സമയം ആരോ തന്റെ വസ്ത്രം അഴിക്കുന്നതായി തോന്നിയതോടെ ഞെട്ടി എഴുന്നേറ്റു. അത് തന്റെ ഭര്‍ത്താവല്ലെന്ന് തിരിച്ചറിഞ്ഞ് ബഹളം വയ്ക്കാന്‍ ശ്രമിച്ചതോടെ അയാള്‍ വായ്പൊത്തിപ്പിടിച്ച് അവരെ പീഡിപ്പിച്ചു. ഒരുവിധത്തില്‍ കൈതട്ടിമാറ്റി യുവതി നിലവിളിച്ചു. ഈ സമയം ഭര്‍ത്താവും മറ്റ് സുഹൃത്തുക്കളും ഓടിവന്നെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയതിനാല്‍ അവര്‍ക്ക് കടക്കാനായില്ല.
മറ്റുള്ളവര്‍ എത്തിയതറിഞ്ഞ് നയന്‍ ശുചിമുറിയില്‍ കയറി ഒളിച്ച സമയത്ത്് യുവതി മുറി തുറന്നു രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ നയന്‍ രക്ഷപ്പെട്ടുവെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയില്‍ ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ നയന്‍ കിടപ്പുമുറിയില്‍ യുവതി കിടക്കുന്നത് കാണുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























