രാഷ്ട്രീയ ചാണക്യ'ന് വീണ്ടും അടിപതറി; എക്സിറ്റ്പോള്‍ പ്രവചനങ്ങളെ എല്ലാം ശരിവെച്ച് ഡല്‍ഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തില്‍ എത്തുമെന്ന് സൂചന; സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ഡല്‍ഹിയുടെ കിരീടവും ചെങ്കോലും അണിയാന്‍ ബി.ജെ.പിക്ക് ഇനിയും കടമ്പകൾ ഏറെ കടക്കണം

എക്സിറ്റ്പോള്‍ പ്രവചനങ്ങളെ എല്ലാം ശരിവെച്ച് ഡല്‍ഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എഎപി ഭരണമുറപ്പിച്ചു. നിലവിൽ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലയുയർത്തിയ ബിജെപി തിരിച്ചുവരവു നടത്തുകയാണെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. നിലവിൽ 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.
സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ഡല്‍ഹിയുടെ കിരീടവും ചെങ്കോലും അണിയാന്‍ ബി.ജെ.പിക്ക് ഇനിയും കടമ്പകൾ ഏറെ കടക്കേണ്ടി വരുമെന്നാണ് ജനവിധി നല്‍കുന്ന സൂചന. മുൻ വർഷങ്ങളെ അപേക്ഷിച്ച് സീറ്റുകള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞത് മാത്രമാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പ് കൊണ്ടുണ്ടായ ഏക നേട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു മുന്നോട്ട് നയിച്ചത്. ജെ.പി നദ്ദ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയെങ്കിലും ഡല്‍ഹിയിലെ ബി.ജെ.പിയുടെ നിയന്ത്രണം ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളിലായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അടിതെറ്റുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ കൂടിയാണ്.
ഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തില്‍ ബിജെപിയുടെ വേര് പടര്‍ന്ന് തുടങ്ങിയപ്പോള്‍ അതിെന്റയെല്ലാം ക്രെഡിറ്റ് ബി.ജെ.പി നേതൃത്വം നല്‍കിയത് അവരുടെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷാക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി അമിത് ഷാ ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്.
എന്നാൽ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളെല്ലാം പിഴക്കുന്നതായാണ് കാണാൻ കഴിയുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്് തുടങ്ങി ഷായുടെ നേതൃത്വത്തില്‍ അടുത്തകാലത്ത് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിക്ക് പരാജയമാണ് സമ്മാനിച്ചത്. ഒടുവില്‍ ഡല്‍ഹിയില്‍ കൂടി തന്ത്രങ്ങള്‍ പിഴക്കുമ്പോൾ എക്കാലത്തും അമിത് ഷായുടെ കീഴിൽ സുരക്ഷിതമായിരിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേല്‍ക്കുന്നത്.
വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടത്. വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച് വര്‍ഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രധാന പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച് കൊല്ലാന്‍ വരെ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങള്‍ തള്ളികളഞ്ഞതായാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും അവകാശവാദങ്ങള്‍ക്ക് അടുത്തെങ്ങുമെത്താന്‍ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ല. ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. നില മെച്ചപ്പെടുത്തിയത് കൊണ്ടും നിലവിലെ രാഷ്ട്രീയസാഹചര്യത്തിലും അമിത് ഷായുടെ കൈകളില്‍ തന്നെയാണ് ഇതിെന്റ പ്രചാരണചുമതലയും എത്തുക.
അതേസമയം തിരഞ്ഞടുപ്പ് ഫലം പുറത്തുവരുന്നതിനിടെ ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ച പോസ്റ്ററും ശ്രദ്ധ നേടുകയാണ്. വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഹിന്ദിയില്‍ എഴുതിയിരിക്കുന്നതാണ് പോസ്റ്റര്‍. അമിത് ഷായുടെ ചിത്രവും പോസ്റ്ററിലുണ്ട്. ജയിച്ചാലും തോറ്റാലും ബിജെപി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ആശയമാണ് പോസ്റ്ററിലൂടെ പങ്കുവെയ്ക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നും തിരഞ്ഞെടുപ്പില്‍ ബിജെപി 55 സീറ്റുകള്‍ വരെ നേടുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha























