ഏഴംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി...

ഹരിയാനയിലെ പഞ്ച്കുലയില്‍ ഏഴംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടര്‍ 27ല്‍ തിങ്കളാഴ്ച രാത്രിയാണ് ഡെറാഡൂണ്‍ സ്വദേശികളുടെ കാര്‍ കണ്ടെത്തിയത്.
പ്രവീണ്‍ മിത്തല്‍, മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാര്‍ പഞ്ച്കുലയിലെ ഒഴിഞ്ഞ മേഖലയില്‍ കണ്ടെത്തിയത്.
മരിച്ചവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. 14 വയസുള്ള ഇവരുടെ സഹോദരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഇവര്‍ ചണ്ഡിഗഡിലായിരുന്നു താമസിച്ചിരുന്നത്. വിന്‍ഡ് ഷീല്‍ഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു കാറുണ്ടായിരുന്നത്.
കാറിനരികിലൂടെ പോയ വഴിയാത്രക്കാരിലൊരാള്‍ക്ക് കാറിന്റെ വിന്‍ഡ് ഷീല്‍ഡിലെ തുണി കണ്ട് തോന്നിയ സംശയത്തിന് പിന്നാലെയാണ് യാത്രക്കാരെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ച് ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha