ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു

ഗുജറാത്തില്‍ മദ്യസല്‍ക്കാരത്തിനിടെ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തില്‍ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെ ആയിരുന്നു സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകള്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാലുപേര്‍ ഉടന്‍തന്നെ മരിച്ചു. മറ്റുള്ളവരെ ഭാവ്‌നഗര്‍ സിറ്റി ആശുപത്രി, ആരോഗ്യാം ആശുപത്രി, ബിഐഎംഎസ് ആശുപത്രി, വേദ് ഐസിയും എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ പ്രത്യേക മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണ്.
ഭാവ്‌നഗര്‍, മദ്ധ്യപ്രദേശ് സ്വദേശികള്‍ ചേര്‍ന്നാണ് വ്യാജമദ്യ വില്‍പ്പന നടത്തിയത്. വ്യാജമദ്യം വിലകൂടി യഥാര്‍ത്ഥ മദ്യത്തിന്റെ കുപ്പിയില്‍ നിറച്ച് ശരിക്കുമുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു വില്‍പ്പന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികള്‍ മദ്യം വില്‍ക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ആകെ എത്ര കുപ്പി മദ്യം വിറ്റുവെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് മദ്യവിതരണം ചെയ്തതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ മദ്യത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഗുജറാത്തില്‍ മദ്യ ഉല്‍പ്പാദനത്തിനും വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിരോധനമുണ്ട്. മദ്യനിരോധനം നിലനില്‍ക്കെയാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു അപകടം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























