നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി

പരീക്ഷകള്‍ നടത്തുന്നത് കൂടുതല്‍ ശാസ്ത്രീയവും സുരക്ഷിതവുമായ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) മാതൃകയില്‍ പരീക്ഷാ നടത്തിപ്പിനായി പ്രത്യേക വൈദഗ്ദ്ധ്യമുള്ളതും സാങ്കേതികമായി ശക്തവുമായ സംവിധാനമാണ് എന്‍ടിഎയ്ക്ക് ആവശ്യമെന്ന് കോടതി നിരീക്ഷിച്ചു. എന്‍ടിഎ സ്ഥാപനവത്ക്കരിക്കണം എന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവച്ചത്.
ഈ വര്‍ഷത്തെ നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ടിഎയുടെ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാദെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. മുന്‍ ഐസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതി മുന്നോട്ടുവച്ച പരീക്ഷാ പരിഷ്‌കാര നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് കേന്ദ്രത്തോട് കോടതി വിശദീകരണം തേടി. നന്ദന്‍ നിലേകനി അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ച മാറ്റങ്ങളും പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. ശുപാര്‍ശകള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.
ഒരു പരീക്ഷയ്ക്ക് വേണ്ടി മാത്രം പുതിയ സുരക്ഷാ നടപടികള്‍ ഒരുക്കുന്നതല്ല ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നും കോടതി വ്യക്തമാക്കി. പരിഷ്‌കാരങ്ങള്‍ സ്ഥിരമായി നടപ്പാക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംവിധാനത്തിലെ അടിസ്ഥാനപരമായ വീഴ്ചയാണെന്ന് രാധാകൃഷ്ണന്‍ സമിതി കണ്ടെത്തിയത് ശരിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ എന്‍ടിഎ സ്വീകരിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലവിലെ സംവിധാനം 'ഫുള്‍പ്രൂഫ്' ആണെന്ന് അവകാശപ്പെട്ടു. എന്നാല്‍ നിലവിലുള്ള സുരക്ഷാ നടപടികള്‍ മാത്രം മതിയാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. വ്യക്തികളെ ആശ്രയിക്കാതെ സ്ഥിര സംവിധാനം എന്‍ടിഎയില്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പോലുള്ള വലിയ ദേശീയതല പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം, വിദഗ്ദ്ധ ജീവനക്കാര്‍, സൈബര്‍ സുരക്ഷാ സംവിധാനം, സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























