സ്വവര്‍ഗാനുരാഗം; സുപ്രീം കോടതി വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യു.എന്‍

സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ലോക നേതാക്കളും രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവിപിള്ള വ്യക്തമാക്കി. കോടതിവിധി പുന:പരിശോധിക്കണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടേത് മുന്നോട്ടുള്ള കാല്‍വയ്പ്പായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ അമേരിക്കയും ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. വിധിക്കെതിരെ സോണിയാഗാന്ധി ഉള്‍പെടെയുള്ള നേതാക്കളും തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് നവി പിള്ള പറഞ്ഞു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ സുപ്രീം കോടതിയ്ക്ക് ദീര്‍ഘകാലത്തെ മഹത്തായ പാരമ്പര്യമാണുള്ളത്. എന്നാല്‍ സ്വവര്‍ഗാനുരാഗം സംബന്ധിച്ച വിധിയിലൂടെ സുപ്രീം കോടതി പിന്നോട്ടുപോയി. വിധി പുന:പരിശോധിക്കാന്‍ ന്യായാധിപന്മാര്‍ തയ്യാറാകണമെന്ന് അവര്‍ ജനീവയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha