സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം

സൗദിയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.
കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിച്ചതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചു. സൗദി വ്യോമാതിര്‍ത്തി അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന മുന്നറിയിപ്പും ഹൂതികള്‍ നല്‍കി. അതേസമയം റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് റിയാദിലെ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളമാണ് താറുമാറായത്. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും അധികൃതര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ വിവിധ രാജ്യാന്തര കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് ലഭിച്ചു. വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തന്നെ സുരക്ഷിതരായി കഴിയാനും നിര്‍ദ്ദേശം നല്‍കി?
2022ലെ വെടിനിര്‍ത്തലിന് ശേഷം ശാന്തമായിരുന്ന യെമനിലെ ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെയാണ് ഹൂതി ആക്രമണങ്ങളും ശക്തമായത്. ചെങ്കടല്‍ തീരത്തും തായിസ് മേഖലയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. ആഭ്യന്തരയുദ്ധം വീണ്ടും ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ലക്ഷം പേര്‍ ഇതിനകം പലായനം ചെയ്തതായാണ് കണക്ക്.
https://www.facebook.com/Malayalivartha

























