കുവൈത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ മോഷണം, പള്ളിയ്ക്ക് സമീപം പാര്‍ക്കിങ് ഏരിയയില്‍ കാര്‍ വിന്‍ഡോകള്‍ തകര്‍ത്ത് മോഷണം നടത്തിയ യുവാവ് പിടിയിൽ, മയക്കുമരുന്നിന് അടിമയായ പ്രതിക്കെതിരെ നേരത്തേയും ക്രിമിനല്‍ കേസുകൾ

കുവൈത്തില്‍ പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ വിന്‍ഡോകള്‍ തകര്‍ത്ത് മോഷണം നടത്തിയ യുവാവ് പിടിയിൽ.മുപ്പത്തിമൂന്ന് വയസുകാരനായ കുവൈത്ത് പൗരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലെ അല്‍ മുവാസിരി പള്ളിയ്ക്ക് സമീപത്തു നിന്നാണ് ഫര്‍വാനിയയിലെ ഡിറ്റക്ടീവ് സംഘം ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രത്യേക ഹാമര്‍ ഉപയോഗിച്ചാണ് വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചിരുന്നത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളും വാഹനങ്ങളില്‍ നിന്ന് മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗവും ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പള്ളിയില്‍ കയറുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ നിന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി.
മയക്ക് മരുന്നിന് അടിമയായ പ്രതി നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരു കേസില്‍ ശിക്ഷക്കപ്പെട്ട് ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..
https://www.facebook.com/Malayalivartha























