ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചുവന്ന ചെകുത്താൻമാരും നീലപ്പടയും നേർക്കുനേർ, ഗണ്ണേഴ്സ് ലെസ്റ്ററിനെ നേരിടും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം രാത്രി പത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം.
നിലവിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. രണ്ടു ജയവും മൂന്ന് സമനിലയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത്. ഒന്നാമതുള്ള സിറ്റിയേക്കാൾ ഒരു കളി കുറവ് കളിച്ച യുണൈറ്റഡ് 13 പോയിന്റ് പിറകിലാണ്.
സീസണിൽ മിന്നും ഫോമിലുള്ള ബ്രൂണോ ഫെർണാണ്ടസിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. 15 ഗോൾ നേടി ലിവർപൂളിന്റെ മുഹമ്മദ് സാലയ്ക്ക് പിന്നിൽ ഗോൾവേട്ടക്കാരിൽ രണ്ടാമനാണ് ഫെർണാണ്ടസ്.
ചെൽസിയാകട്ടെ നിലവിൽ അഞ്ചാം സ്ഥാനത്താണ്. എന്നാൽ ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി തോമസ് ടുഷെൽ വന്ന ശേഷം ടീം മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയും. ഇരുടീമും നേർക്കുനേർ വരുമ്പോൾ എന്തും സംഭവിക്കാം.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ ലെസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5:30 ന് കിംഗ് പവർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ലീഗിൽ ലെസ്റ്റർ മൂന്നാം സ്ഥാനത്തും ആഴ്സണൽ പതിനൊന്നാം സ്ഥാനത്തുമാണ്. ലീഗിൽ മികച്ച ഫോമിലുള്ള ലെസ്റ്ററിനെ പിടിച്ചു കെട്ടാൻ ആഴ്സണലിന് നന്നേ വിയർപ്പൊഴുക്കേണ്ടി വരും.
മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ബേൺലിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും നേരിടും.
https://www.facebook.com/Malayalivartha