ഇന്നസെന്റ് വീണ്ടും വരുമോ ഇല്ലയോ? കഴിഞ്ഞ കുറേ ആഴ്ചകളായി ചാലക്കുടിക്കാരും കേരള രാഷ്്ട്രീയവും ചര്‍ച്ച ചെയ്ത കാര്യം വീണ്ടും കീറാമുട്ടിയായി

ഇന്നസെന്റ് വീണ്ടും വരുമോ ഇല്ലയോ? കഴിഞ്ഞ കുറേ ആഴ്ചകളായി ചാലക്കുടിക്കാരും കേരള രാഷ്്ട്രീയവും ചര്‍ച്ച ചെയ്ത കാര്യം വീണ്ടും കീറാമുട്ടിയായി. ഇന്നസെന്റിനെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് ചാലക്കുടി മണ്ഡലം സി.പി.എം കമ്മിറ്റി തീരുമാനിച്ചു. മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന സാജുപോളിനെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിക്കാരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയാണ് അന്തിമതീരുമാനം കൈക്കൊള്ളുക. ഇന്നസെന്റിന് രണ്ടാമൂഴം നല്‍കിയാല്‍ പരാജയം സംഭവിച്ചാലും വിജയിച്ചാലും അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കില്ലെന്നും പാര്‍ലമെന്റ്് മണ്ഡലം കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചിട്ടുണ്ട്.
ഇന്നസെന്റിന് മത്സരിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആദ്യതവണ മത്സരിച്ചത്. പി.സി ചാക്കോയ്‌ക്കെതിരെ പാര്‍ട്ടിയുടെ ഏത് നേതാവ് മത്സരിച്ചാലും അന്ന് ജയിക്കുകമായിരുന്നു. പക്ഷെ, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇന്നസെന്റ്് മത്സരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. മമ്മൂട്ടി വഴിയാണ് ഇക്കാര്യം ഇന്നസെന്റിനെ അറിയിച്ചത്. അങ്ങനെ ഇന്നസെന്റ് സമ്മതം അറിയിക്കുകയായിരുന്നു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിക്കുകയും മുന്‍ എം.പി ചെലവഴിക്കാതെ കിടന്ന തുക ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളിലും മറ്റും ഇന്നസെന്റിന്റെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.
ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടാവുമെന്നാണ് ചാലക്കുടിയിലെ എല്‍.ഡി.എഫ് വിലയിരുത്തുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ശ്രമിച്ചത് തെരഞ്ഞെടുപ്പ് വിഷയമാകുമെന്നും ആശങ്കയുണ്ട്. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ സ്ത്രീവിരുദ്ധമായ നടപടികളാണ് ഉണ്ടായത്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തിലടക്കം അലംഭാവം കാട്ടി. ആക്രമണത്തിനിരയായ നടിക്ക് പിന്തുണ ഉറപ്പാക്കുന്നതിനും കഴിഞ്ഞില്ല. എം.എല്‍.എമാരായ മുകേഷും ഗണേഷും എം.പിയായ ഇന്നസെന്റും പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കി. തുടങ്ങിയ ആരോപണങ്ങളും മണ്ഡലത്തിലെ പാര്‍ട്ടിക്കാര്‍ ഉന്നയിക്കുന്നു.
എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ മത്സരിപ്പിക്കണമെന്ന് ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം എറണാകുളം മണ്ഡലം കമ്മിറ്റിയും മുന്നോട്ട് വെച്ചു. എറണാകുളത്തുകാരുടെ ആവശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതിനാല്‍ സാജു പോള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. ജിഷ വധക്കേസില്‍ ബലിയാടായ ആളാണ് സാജുപോള്‍. അതിനാല്‍ സാജു പോളിനെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാനനേതൃത്വം തയ്യാറാകുമോ എന്നറിയില്ല. ഇന്നസെന്റ് തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാദേശികഘടകം എതിരഭിപ്രായം ഉന്നയിച്ചതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























