ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആവർത്തിച്ച് ടിക്കാറാം മീണ; വിദ്വേഷ പ്രസംഗം തടയാൻ കർശന പരിശോധന നടത്തും; പെരുമാറ്റ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മീണ

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പാർട്ടികൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രചരണ തന്ത്രമായി ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ ശബരിമല വിഷയം ഇതിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ വിമർശനങ്ങളെ ഭയന്ന് നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം നാളത്തെ സർവ്വകക്ഷി യോഗത്തിൽ വ്യക്തമാക്കുമെന്നും ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്നും ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടെയെന്ന് കർശനമായി പരിശോധിക്കും. ഇതിനായി എല്ലാ ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാൽ അതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും. സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതു ചട്ടലംഘനമാണ്. ജാതി, മതസ്പർധ വളർത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടത്തിനെതിരാണ്. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ വോട്ടു പിടിക്കുന്നതും ചട്ട ലംഘനമാണെന്നും അദ്ദേഹം ആവർത്തിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല. രാഷ്ട്രീയ കക്ഷികൾ ചേർന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം ഉണ്ടാക്കിയത്. അതേ രാഷ്ട്രീയ കക്ഷികൾക്ക് ഇത് പാലിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോയെന്നറിയാൻ കർശന പരിശോധന നടത്തും. ഇതിനായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തനിക്ക് നേരെയുള്ള വിമർശനങ്ങളെ കാര്യമായെടുക്കുന്നില്ലെന്നും മീണ കൂട്ടിച്ചേർത്തു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ചു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ബുധനാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11 നാണ് ചർച്ച.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ ആ ർക്കും അവകാശമില്ലെന്നും വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ബിജെപി തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി ഉയർത്തിക്കൊണ്ടു വരുമെന്നുമാ യിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
https://www.facebook.com/Malayalivartha



























