മാണി-ജോസഫ് തർക്കം; ഇടഞ്ഞുനില്‍ക്കുന്ന പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് നിർണായക ചര്‍ച്ച നടത്തും

തെരെഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് നൽകാത്തതിനെ തുടർന്ന് കേരള കോൺഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാൻ പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. സീറ്റ് നല്‍കാനുള്ള സാധ്യതയുള്‍പ്പെടെ ചര്‍ച്ചയാകും.
കോൺഗ്രസിന്‍റെ കൂടെ പിന്തുണയോടെയാണ് ജോസഫ് സ്ഥാനാർത്ഥി മോഹം പരസ്യമാക്കിയത്.
നേതാക്കളുടെ ധാരണകളെ കൂടി അട്ടിമറിച്ചാണ് ജോസഫിന് സീറ്റ് നിഷേധിക്കും വിധം കേരള കോണ്‍ഗ്രസില്‍ അട്ടിമറി നടന്നത്.
കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുകൊണ്ട് തന്നെ കൂടിക്കാഴ്ചയിൽ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്തേക്ക് തിരിക്കും മുന്നെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസിലെ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ വിവിധ ആലോചനകള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നുണ്ട്. മാണി വിഭാഗത്തെ തള്ളികൊണ്ട് കോട്ടയം സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോസഫിനെ നിയോഗിക്കുക, സ്വന്തം തട്ടകമെന്ന നിലയില്‍ ഇടുക്കി പി.ജെ ജോസഫിന് നല്‍കുകയും കോട്ടയത്ത് കോണ്‍ഗ്സ് മത്സരിക്കുകയും ചെയ്യുക എന്നിങ്ങനെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
കെ.എം മാണിയെ കൂടി വിശ്വാസ്യത്തിലെടുത്ത്കൊണ്ടുള്ള അനുനയ ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. ഇത് അസാധ്യമായാല്‍ അപ്രതീക്ഷിതമായ ഏത് തീരുമാനവും ഉണ്ടാകുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്.
അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവർത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടുന്നതിന് കോൺഗ്രസിന് പരിമിതികളുണ്ട്.
ഇതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പങ്കെടുത്ത കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴികാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശൽ ശക്തിയില്ല. പ്രശ്നം പരിഹരിക്കാതെ പാർട്ടിയിൽ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫിൽ തന്നെ തുടരാനാണ് സാധ്യത. അതിനാൽ തന്നെ ഇന്നത്തെ കൂടിക്കാഴ്ച ശ്രദ്ധേയമാകും.
https://www.facebook.com/Malayalivartha



























