നെഞ്ചോട് ചേര്‍ത്ത്.... ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയത് തീവ്രവാദത്തിന് അന്ത്യം കുറിയ്ക്കുമെന്നും അത് കാശ്മീരില്‍ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം ദൂരവ്യാപകമായ ഫലമാണ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍ വലിയ വികസനമാണ് കാശ്മീന് ഉണ്ടാകുന്നത്. വലിയ വികസനവും നല്ല വിദ്യാഭ്യാസവവുണ്ടായാല്‍ ജനങ്ങള്‍ തീവ്രവാദം നിര്‍ത്തുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇത് ഏറ്റവുമധികം വേദനിപ്പിക്കുന്നത് പാകിസ്ഥാനെയാണ്. കാശ്മീരി ജനത ഒരുതരത്തിലും രക്ഷപ്പെടരുതെന്ന പാകിസ്ഥാന്റെ മോഹമാണ് മോദി സര്‍ക്കാര്‍ പൊളിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷായും.
കാശ്മീരിനെപ്പറ്റി തനിക്കുള്ള വ്യക്തമായ നിലപാട് തുറന്ന് പറയുകയാണ് അമിത് ഷാ. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയത് തീവ്രവാദത്തിന് അന്ത്യം കുറിയ്ക്കുമെന്നും അത് കാശ്മീരില്‍ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയായുള്ള എം.വെങ്കൈയ്യ നായിഡുവിന്റെ രണ്ടു വര്‍ഷം നീണ്ട സേവനത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയേണ്ടതായിരുന്നു എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും രാജ്യത്തിന് ഗുണകരമല്ലെന്നും അമിത് ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യണം എന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. അത് എടുത്ത് കളഞ്ഞത് കാരണം തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ സാധിക്കും. അത് കാശ്മീരിന്റെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് അമിത് ഷാ പറഞ്ഞത്. കാശ്മീരിന്റെ പദവി എടുത്ത് കളഞ്ഞ നിര്‍ണായക തീരുമാനത്തിന് ശേഷം അവിടെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് സംശയത്തിന്റെ ഒരണു പോലും തന്റെ മനസ്സില്‍ ഇല്ലായിരുന്നു എന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സര്‍ക്കാരും ഈ രാജ്യത്തെ ആര്‍ട്ടിക്കിള്‍ 370യില്‍ നിന്നും രക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വം കൊണ്ടുമാത്രമാണെന്ന് അമിത്ഷാ വ്യക്തമാക്കി. പണ്ട് എ.ബി.വി.പി അംഗമായിരുന്ന സമയത്ത് വെങ്കയ്യ നായിഡു ആര്‍ട്ടിക്കിള്‍ 370നെതിരെ സമരം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കോളേജിലെ പ്രൊഫസര്‍ താങ്കള്‍ എന്നെങ്കിലും കാശ്മീര്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചു. നമുക്ക് രണ്ട് കണ്ണുകളുണ്ട്. അത് പരസ്പരം കാണുന്നില്ലെങ്കിലും ഒരു കണ്ണിന് അപകടം പറ്റിയാല്‍ മറ്റേ കണ്ണില്‍ നിന്ന് കണ്ണീര്‍ വരുമെന്നായിരുന്നു വെങ്കയ്യ നായിഡു അദ്ദേഹത്തിന് മറുപടി നല്‍കിയത്'അമിത്ഷാ ഓര്‍മ്മിപ്പിച്ചു. ഈ ആര്‍ട്ടിക്കിള്‍ കൊണ്ട് കാശ്മീരിനോ രാജ്യത്തിനോ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ജമ്മുകാശ്മീരിന് ഭീകരവാദത്തിന് അറുതി വരുത്താന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സാധിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചൈനയുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശം. ജയശങ്കര്‍ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയു ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് ജയശങ്കര്‍. സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കൊല്ലം നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























