വിവാഹം കഴിഞ്ഞ നാള് തൊട്ട് കേട്ടുതുടങ്ങിയ കുത്തുവാക്കുകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; ആദ്യം പ്രസവിക്കുന്നത് നീയോ അവനോ’ എന്ന് ചോദിച്ചവർ വരെയുണ്ട്; പെണ്ണുടലിലേക്ക് ആരെയും കൂസാതെ എനിക്ക് മാറാനായിട്ടുണ്ടെങ്കിൽ നോക്കിക്കോ വറ്റി വരണ്ടെന്ന് നിങ്ങൾ പറയുന്ന ഈ ദേഹം നാളെയൊരു കുഞ്ഞിന് ജന്മം നൽകും: എന്റെ മടിത്തട്ടിലും ഒരു ഉണ്ണിക്കണ്ണൻ ഓടിക്കളിക്കും- പരിഹസിച്ചവരെ വെല്ലുവിളിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ

തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും. സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട് കുറച്ചുനാളുകളായി. ഇത് സംബന്ധിച്ച് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഇഷാനും സൂര്യയും. ഞങ്ങളുടെ സുഖവും ദുഃഖവും ലക്ഷ്യവും ആഗ്രഹങ്ങളും എല്ലാം ഞങ്ങളുടെ മാത്രമാണ്. അതു മനസ്സിലാക്കുന്ന പക്വതയിലേക്ക് ലോകം വളർന്നു വരുന്നതേയുള്ളൂ. സ്വന്തം കുഞ്ഞെന്ന വലിയ സ്വപ്നം ഞാനീ ലോകത്തോടു പറയുമ്പോഴും അതാകും സംഭവിക്കാൻ പോകുന്നത്.
പലരും കളിയാക്കി ചിരിക്കും. ചിലർ പരിഹസിക്കും. വാക്കുകൾ കൊണ്ടു നോവിക്കും. ഇനിയും ഇരുളകലാത്ത സമൂഹത്തിലെ അപൂർവ ജന്മങ്ങളാണു ഞങ്ങൾ.’ വിതുമ്പലോടെ സൂര്യ പറഞ്ഞു. വിവാഹം കഴിഞ്ഞ നാള് തൊട്ട് കേട്ടുതുടങ്ങിയ കുത്തുവാക്കുകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്ന് സൂര്യ പറയുന്നു. ‘ആദ്യം പ്രസവിക്കുന്നത് നീയോ അവനോ’ എന്ന് ചോദിച്ചവർ വരെയുണ്ട്. മനസുകൊണ്ടും ശരീരം കൊണ്ടും പെണ്ണായി മാറിയിട്ടും ഹിജഡയെന്ന വിളികൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. പെണ്ണുടലിലേക്ക് ആരെയും കൂസാതെ എനിക്ക് മാറാനായിട്ടുണ്ടെങ്കിൽ നോക്കിക്കോ വറ്റി വരണ്ടെന്ന് നിങ്ങൾ പറയുന്ന ഈ ദേഹം നാളെയൊരു കുഞ്ഞിന് ജന്മം നൽകും. എന്റെ മടിത്തട്ടിലും ഒരു ഉണ്ണിക്കണ്ണൻ ഓടിക്കളിക്കും.’ സൂര്യ പറയുന്നു.
‘ഞങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയ്ക്ക് താഴെപോലുമുണ്ട് വേദനിപ്പിക്കുന്ന വാക്കുകൾ. സൂര്യയ്ക്ക് ഗർഭം ധരിക്കാനാകില്ല എങ്കിൽ അതു ഞങ്ങളുടെ മാത്രം സ്വകാര്യ പ്രശ്നമാണ്. അതിന്റെ പേരിൽ അവളെ ഹിജഡയെന്നും ആണും പെണ്ണും കെട്ടവളെന്നുമൊക്കെ വിളിക്കുന്നത് എവിടുത്തെ സംസ്കാരമാണെന്ന് ഇഷാൻ ചോദിക്കുന്നു. പ്രത്യുത്പാദന ശേഷിയില്ലാത്ത എത്രയോ പുരുഷന്മാരുണ്ട്. ഗർഭപാത്രമില്ലാത്ത എത്രയോ പെണ്ണുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരെയൊക്കെ നിങ്ങൾ ഹിജഡകളെന്നു വിളിക്കുമോ? ഞങ്ങളെ പരിഹസിക്കുന്നവർ ഞങ്ങളുടെ ഈ സ്വപ്നത്തെ പറ്റി സംസാരിച്ചുവെന്ന് വരില്ല. കാരണം ഒന്നേയുള്ളൂ, ട്രാൻസ്ജെൻഡർ ആയ വ്യക്തിയെ മനുഷ്യനായി കാണാനുള്ള വിവേകം അവർക്കില്ലെന്ന് ഇഷാൻ രൂക്ഷമായി പ്രതികരിക്കുന്നു.
2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.
വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിക്കുകയാണ്. ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണെന്ന് സൂര്യ വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha

























