മണിവാസകം ചില്ലറക്കാരനല്ല ;ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം; ഉഴവര്‍ ഉഴപ്പായി മാന്‍മണ്ട്രമെന്ന പേരില്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച സംഘടനയുമയായിട്ടായിരുന്നു പൊതുജീവിത്തിന്റെ തുടക്കം; ബുദ്ധിജീവി മണിവാസകം മാവോയിസ്റ്റായ കഥ

അട്ടപ്പാടിയില്‍ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകം ചില്ലറക്കാരനല്ല. ബിരുദാനന്തര ബിരുദമുള്ള ബുദ്ധിജീവിയായിരുന്നു മണിവാസകം എന്ന മാവോയിസ്റ്റ്. വെറുമൊരു മാവോയിസ്റ്റ് മാത്രമല്ല മാവോയിസ്റ്റ് സംഘടന സംസ്ഥാന കമ്മിറ്റി അംഗം കൂടിയായിരുന്നു മണിവാസകം.
ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം നേടിയതിനു ശേഷമാണ് മണിവാസകം എന്ന ബുദ്ധിജീവി സായുധസമര ലോകത്തേക്ക് കടന്നത്. കഥകളും കവിതയുമടങ്ങുന്ന സാഹിത്യത്തിന്റെ ലോകത്തുനിന്ന് നേരെ ചെന്നെത്തിയത് മറ്റൊരു ലോകത്തേക്കായിരുന്നു.
മണിവാസകത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലുള്ളത് നിരവധി കേസുകള്‍. ഉഴവര്‍ ഉഴപ്പായി മാന്‍മണ്ട്രമെന്ന പേരില്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച സംഘടനയുമയായിട്ടായിരുന്നു പൊതുജീവിത്തിന്റെ തുടക്കം. പതുക്കെ മാവോയിസത്തില്‍ ആകൃഷ്ടനായി സമാന്തര ജീവിതം തിരഞ്ഞെടുത്തു. തുടക്കത്തില്‍ പ്രവര്‍ത്തനമേഖല കൃഷ്ണഗിരിയും പരിസരങ്ങളുമായിരുന്നു. 2002 ല്‍ ഉത്തന്‍ഗിരിയിലുണ്ടായ സ്ഫോടനത്തോടെയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷ ഏജന്‍സികളുടെ ശ്രദ്ധയില്‍പെടുന്നത്.
2002 ല്‍ സേലം ഉത്തന്‍ഗിരിയിലുണ്ടായ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിവാസകം. ഒരാള്‍ കൊല്ലപെട്ട സ്ഫോടനക്കേസില്‍ 2002 നവംബര്‍ 24ന് ഇയാൾ പൊലീസ് പിടിയിലായി. 2007 വരെ വിചാരണ തടവുകാരനായി ജയിലില്‍ കിടന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിനിടെ ധര്‍മ്മഗിരി ജില്ലയിലെ മതിക്കന്‍പാളയം സ്റ്റേഷനില്‍ ആയുധ നിയമവും ഭീകരവാദ നിരോധന നിയമവും പ്രകാരമുള്ള കേസിലെ പ്രതിയായി. 2012 തഞ്ചാവൂരില്‍ വച്ചാണ് പിന്നീട് പൊലീസ് വലയിലാകുന്നത്. ഇതിനിടയ്ക്ക് മൂന്നു കേസുകളില്‍ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2013 ല്‍ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെ അന്വേഷണ സംഘങ്ങളുടെ ചാരക്കണ്ണുകള്‍ക്കപ്പുറത്തേക്കു മുങ്ങി.
മണിവാസകത്തിന്റെ അവസാന നാളുകൾ രോഗത്തോട് മല്ലടിക്കുന്ന അവസ്ഥയിലായിരുന്നു. പ്രമേഹം മൂർച്ഛിച്ച സ്ഥിതിയിലായിരുന്നു. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്നവരിൽ ചിലർ, ഇദ്ദേഹം രോഗിയായതോടെ വിട്ടുപോയി. വടികുത്തി നടക്കേണ്ട അവസ്ഥയിലായിരുന്നു. പിന്നെ ഇയാളെ കുറിച്ചു തമിഴ്‌നാട് പൊലീസിനു വിവരം ലഭിക്കുന്നത് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടപ്പോഴാണ്. മണിവാസകം 2014 മുതൽ അട്ടപ്പാടിയിലുണ്ട്.
മണിവാസകവും അരവിന്ദും ഉൾപ്പെടെ 4 പേർ കീഴടങ്ങാൻ തയാറാണെന്നു മധ്യസ്ഥർ വഴി പൊലീസിനു സന്ദേശം നൽകിയിരുന്നതായി വിവരം. കേസുകൾ ഒഴിവാക്കണം എന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചത്.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മണിവാസകം ഒഴികെയുള്ളവര്‍ക്ക് വെടിയേറ്റത് പിന്നില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഫോറന്‍സിക് സംഘം ഇന്ന് പൊലീസിന് കൈമാറിയേക്കും. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ മണിവാസകത്തിന്റെ ശരീരത്തില്‍ മാത്രമാണുളളതെന്നാണ് സൂചന. മണിവാസകത്തിന്റെ ഇരുകാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കാലുകളില്‍ വെടിയേറ്റിട്ടില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. കാലുകള്‍ ഒടിഞ്ഞത് ബലപ്രയോഗത്തിലാണോ വീഴ്‌ചയിലാണോ എന്ന് വ്യക്തമായിട്ടില്ല. ആരോഗ്യനില മോശമായിരുന്ന മണിവാസകത്തിന് ഓടാന്‍ കഴിയില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























