വാറന്റ് ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോടതിയില്‍ എത്തിയ കിടപ്പുരോഗി ഇനി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഉത്തരവായി

ബൈക്കും ഭിന്ന ശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക്് യാത്രക്കാരി മരിച്ച അപകടക്കേസില്‍ പ്രതിയായത് ഭിന്നശേഷിക്കാരന്‍. കിടപ്പു രോഗിയായ അയാള്‍ക്ക് വാറന്റായതോടെ ആംബുലന്‍സിലും സ്‌ട്രെക്ചറിലുമായി കോടതിയില്‍ എത്തി.
വളയം കാലിക്കുളമ്പില്‍ ബാബു (45) വിനാണ് വളയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേട്ട് ഇ.രഞ്ജിത്ത് വാറന്റ് പുറപ്പെടുവിച്ചത്. തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായ ബാബുവിന് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ എത്താന്‍ കഴിയില്ലെന്നും വക്കീല്‍ മുഖേന കേസ് നടപടികള്‍ മുന്‍പോട്ടു കൊണ്ടു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.
തുടര്‍ന്നാണ് ബന്ധുക്കളുടെ സഹായത്തോടെ ഇന്നലെ ബാബുവിനെ സ്‌ട്രെക്ചറില്‍ കോടതിയിലെത്തിച്ചത്. പ്രതിക്കൂട്ടിലേക്ക് സ്‌ട്രെചര്‍ നീക്കുന്നതിനിടയില്‍ മജിസ്‌ട്രേട്ട് വിലക്കി. ഇനി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും ഉത്തരവായി.
പൂങ്കുളത്തെ വള്ളില്‍ നിധിന അപകടത്തില്‍ മരിച്ച കേസിലാണ് ബാബു പ്രതിയായത്. ബാബു ഓടിച്ച മുച്ചക്ര വണ്ടിയും നിധിന സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്.
https://www.facebook.com/Malayalivartha

























