ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, മകളെ നിനക്ക് നീ മാത്രം; വാളയാര്‍കേസില്‍ പ്രതിഷേധിച്ച കുട്ടികളെ സ്‌കൂളിൽ നിന്നും പുറത്താക്കി

വാളയാര്‍കേസില്‍ പ്രതിഷേധ സൂചകമായി ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ച കാരണത്താൽ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. വിളവൂര്‍ക്കല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസിൽ പോസ്റ്റര്‍ ഒട്ടിച്ചത്. ‘ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം’. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ക്ലാസ് ചുമരിലൊട്ടിച്ചത്.
ഒരാഴ്ചത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നത് എന്നാല്‍ രക്ഷിതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കുറയ്ക്കുകയായിരുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്‌കൂളില്‍ മുന്‍പും പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതിനാലാണ് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സസ്‌പെന്‍ഷനിലായ കുട്ടികള്‍ പറയുന്നു.
വാളയാര്‍ കേസില്‍ നീതിതേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസില്‍ പുനരന്വേഷണം വേണം. സിബിഐ അന്വേഷിക്കണം. ബാലാവകാശ കമ്മീഷന്‍ കാണാന്‍ വരുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അമ്മ വാളയാറില്‍ പറഞ്ഞു. അതേസമയം, വാളയാര്‍ പീഡനക്കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























