പമ്പാ ജലപദ്ധതി പ്രതിസന്ധിയില്‍, നദിയില്‍ ജലനിരപ്പ് താഴുന്നു

പമ്പാ മേജര്‍ ജലപദ്ധതിയുടെ കിണറ്റില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ താല്‍ക്കാലിക തടയണ പണിത് പമ്പിങ് കാര്യക്ഷമമാക്കാനാണ് നീക്കം. റാന്നി, പഴവങ്ങാടി, വടശേരിക്കര എന്നീ വില്ലേജുകള്‍ക്കായുള്ള ജലപദ്ധതിയാണിത്. മുണ്ടപ്പുഴ ചന്തക്കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ആനപ്പാറമലയിലെ പ്ലാന്റില്‍ ശുദ്ധീകരിച്ച് ആനപ്പാറമല, മന്ദിരം പള്ളിപടി, പുതുശേരിമല, കൊമ്പനോലി, തെക്കുംമല, ഇട്ടിയപ്പാറ, ആനത്തടം, കരികുളം, പൂഴിക്കുന്ന്, മോതിരവയല്‍, ചക്കിട്ടാംപൊയ്ക എന്നീ സംഭരണികളിലൂടെയാണ് വിതരണം ചെയ്യുന്നത്.
10 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പദ്ധതി ഒരു വര്‍ഷം മുന്‍പാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. വരള്‍ച്ച ശക്തിപ്പെടും മുന്‍പ് പകല്‍ മാത്രമാണ് പമ്പിങ് നടത്തിയിരുന്നത്. ഇപ്പോള്‍ രാത്രിയിലും പമ്പിങ് ഉണ്ട്. ആറ്റില്‍ പണിതിട്ടുള്ള ഗാലറിയില്‍ നിന്നാണ് കിണറ്റില്‍ വെള്ളം എത്തുന്നത്. ജലനിരപ്പ് താഴ്ന്നതോടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോത് ദിവസമെന്നോണം കുറയുകയാണ്.
ശുദ്ധീകരണ പ്ലാന്റില്‍ പലപ്പോഴും ശക്തിയായി വെള്ളം എത്തുന്നില്ല. അതിനാല്‍ ഇടയ്ക്കിടെ പമ്പിങ് നിര്‍ത്തി വയ്ക്കുകയാണ്. മണല്‍ ചാക്കുകള്‍ അടുക്കി താല്‍ക്കാലിക തടയണ പണിത് ആറ്റിലെ ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം നടത്തുകയാണ്. മണല്‍ ചാക്കുകള്‍ നിറയ്ക്കുന്ന പണി പുരോഗമിക്കുന്നു. കുറെ അടുക്കി. ആറ്റില്‍ നിന്ന് പൈപ്പിലൂടെ നേരിട്ട് കിണറ്റില്‍ വെള്ളം എത്തിക്കാനാണ് ശ്രമം. അതു വിജയിച്ചില്ലെങ്കില്‍ പമ്പിങ് തടസ്സപ്പെടും. പദ്ധതി മേഖലകളില്‍ ജലക്ഷാമം രൂക്ഷമാകും.
https://www.facebook.com/Malayalivartha

























