കൂട്ടത്തോടെ ക്വാറന്റൈനില്‍... വിസ്മയ കേസില്‍ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിന് കോവിഡ്; ബാങ്കിലും വീടുകളിലും തെളിവെടുപ്പില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍; അന്വേഷണ സംഘവും ആശങ്കയില്‍; ഇനി ക്വാറന്റൈല്‍ കാലാവധി തീരുന്നതുവരെ കിരണ്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍

ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ വി.നായരുടെ (24) മരണത്തിന്റെ ദുരൂഹത കണ്ട് പിടിക്കും മുമ്പ് എല്ലാം പൊടുന്നനെ നിശ്ചലമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവ് എസ്. കിരണ്‍കുമാറിനു കോവിഡ് പോസിറ്റീവായതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. കിരണിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കു മാറ്റി.
കസ്റ്റഡി അവസാനിക്കുന്ന ഇന്നലെ വിസ്മയയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനായി രാവിലെ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഓണ്‍ലൈനായി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊട്ടാരക്കര സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെ തെളിവെടുപ്പിനു വേണ്ടിയാണ് 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിസ്മയ മരിച്ച ഭര്‍തൃവീട്ടിലും വിസ്മയയെ കിരണ്‍ മര്‍ദിച്ച സ്ഥലങ്ങളിലും സ്ത്രീധനമായി ലഭിച്ച സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണിനെ എത്തിച്ചു തെളിവെടുത്തിരുന്നു.
റൂറല്‍ എസ്പി കെ.ബി.രവി, ഡിവൈഎസ്പി പി.രാജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ കിരണിനൊപ്പം സദാസമയം ഉണ്ടായിരുന്ന 15 അംഗ പൊലീസ് സംഘവും, പരിശോധനയ്ക്കായി എത്തിയ പൊലീസ് സര്‍ജന്‍മാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
പട്ടിക പൂര്‍ണമായും തയാറാക്കിയ ശേഷം ക്വാറന്റീന്‍ സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. കിരണിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസും താല്‍ക്കാലികമായി അടച്ചു. ശാസ്ത്രീയ തെളിവു ശേഖരണത്തിനായി വിദഗ്ധര്‍ കിരണിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തും.
വിസ്മയ കേസിലെ പ്രതിയും അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടെ അച്ചടക്ക നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. വിസ്മയ കേസ് റജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അ#േസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കും. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം.
സംസ്ഥാനത്ത് 165 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയതില്‍ വിസ്മയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറും ഉള്‍പ്പെട്ടു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശാസ്താംകോട്ട, ശൂരനാട് ഇന്‍സ്‌പെക്ടര്‍മാരും മാറി. ഇതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരിയും പ്രത്യേക സംഘം വേണമെന്ന നിലപാടിലാണ്.
കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതോടെ കേസിന്റെ തുടര്‍നടപടികളും വൈകും. കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുകയും വേണം. എന്തായാലും കിരണ്‍ കോവിഡ് മുക്തനായ ശേഷം അന്വേഷണം കുടുപ്പിക്കാനാണ് നീക്കം.
"
https://www.facebook.com/Malayalivartha






















