ഒരൊറ്റ മാസത്തിനിടെ അഞ്ച് കുടുംബാംഗങ്ങളെ കോവിഡ് കവര്‍ന്ന തിരുവനന്തപുരം വലിയവിള സ്വദേശി വിപിന്‍ സങ്കടക്കടലില്‍..... ഉറ്റവരുടെ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് തെളിയിക്കുന്ന രേഖകളില്ലാതെ നിസ്സഹായകനായി......

ഒരൊറ്റ മാസത്തിനിടെ അഞ്ച് കുടുംബാംഗങ്ങളെ കോവിഡ് കവര്‍ന്ന തിരുവനന്തപുരം വലിയവിള സ്വദേശി വിപിന്‍ സങ്കടക്കടലിലാണ്. ഉറ്റവരുടെ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതാണ് വിപിനെ നിസഹായനാക്കുന്നത്.
വിപിനെപ്പോലെ ഉറ്റവരെ നഷ്ടപ്പെട്ട ഒട്ടേറെ മനുഷ്യര്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. മരണസര്‍ട്ടിഫിക്കററിലും മരണകാരണം ഉണ്ടാകില്ല.
വലിയവിള പണയില്‍ വീട്ടില്‍ ആദ്യം മരണമെത്തിയത് മേയ് ഇരുപത്തൊന്‍പതിനാണ്. അച്ഛന്‍ അശോകനായിരുന്നു കോവിഡിന്റെ ആദ്യ ഇര.
ജൂണ്‍ നാലിന് അശോകന്റെ സഹോദരി സ്റ്റെല്ല. പന്ത്രണ്ടിന് വിപിന്റെ സഹോദരി വിജി. പ്രസവം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴാണ് വിജിയുടെ വിയോഗം. രണ്ടുദിവസത്തിനകം അമ്മ ലില്ലിക്കുട്ടിയും ഇരുപത്തെട്ടിന് ലില്ലിയുടെ സഹോദരന്‍ ബാബുവും കോവിഡിന് കീഴടങ്ങി. തൊട്ടടുത്ത വീടുകളാണ് എല്ലാവരുടേതും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു അഞ്ചുപേരും കോവിഡ് ആണ് മരണകാരണം എന്ന് തെളിയിക്കുന്ന രേഖയൊന്നും വിപിന് ലഭിച്ചില്ല. അമ്മയും സഹോദരിയും അമ്മാവനും മരിച്ചത് കോവിഡ് നെഗറ്റിവ് ആയതിനുപിന്നാലെയാണ് എന്നതും പ്രതിസന്ധിയാണ്.
കുടുംബം ഇല്ലാതായി. അവശേഷിക്കുന്നത് സഹോദരിയുടെ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മാവന്റെ രണ്ട് പെണ്‍മക്കളും ലക്ഷങ്ങളുടെ കടവും മാത്രം. ഈ ചുമതലകള്‍ ഏറ്റെടുക്കാന്‍ വിപിന് സര്‍ക്കാരിന്റെ പിന്തുണ കൂടിയേ തീരൂ.
തെളിവുണ്ടായാലും വൈകുന്ന നഷ്ടപരിഹാരം രേഖയില്ലാതെ എങ്ങനെ ലഭിക്കുമെന്ന ആധിയാണ് ഈ യുവാവിന്റെ മനസില്‍. സഹോദരിയുടെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അമ്മാവന്റെ മക്കളേയും ഓര്‍ത്ത വിപിന്റെ നെഞ്ചുനീറുകയാണ് .
"
https://www.facebook.com/Malayalivartha






















