ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞത് നിനച്ചിരിക്കാതെ വന്ന ആ ദുരന്തം..... യുവാക്കളുടെ വേര്‍പാടില്‍ തേങ്ങലോടെ ഗ്രാമവാസികള്‍

ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞത് നിനച്ചിരിക്കാതെ വന്ന ആ ദുരന്തം..... പാറേമ്പാടം കൊങ്ങണൂര്‍ കാവില്‍ ഗോപിയുടെ മക്കളായ അനുരാഗ്, അനുരൂപ് എന്നിവരാണ് അകാലത്തില്‍ വേര്‍പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പാറേമ്പാടത്ത് താഴത്തെ പെട്രോള്‍ പമ്പിന് സമീപത്തുണ്ടായ അപകടത്തില്‍ അനുരാഗ് മരിച്ചിരുന്നു. സഹോദരന്‍ അനുരൂപിനായി വീടും നാടും ഉള്ളുരുകി പ്രാര്‍ഥനയിലായിരുന്നെങ്കിലും മരണത്തിനും ജീവിതത്തിനുമിടയിലെ നാലു ദിവസത്തെ പോരാട്ടം അവസാനിച്ച് ആ ചെറുപ്പക്കാരന്‍ പോയ്മറഞ്ഞു.
കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ അനുരൂപ് അടുത്ത മാസം തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
രണ്ടര വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഗോപിയുടെയും ജീവിതം തകര്‍ന്നിരുന്നു. ഡ്രൈവറായിരുന്ന ഗോപി ജോലി കഴിഞ്ഞ് വാഹനം നിര്‍ത്തിയിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇതോടെ ശരീരം തളര്‍ന്ന ഗോപിക്ക് പരസഹായം ആവശ്യമാണ്. ഭര്‍ത്താവിനുണ്ടായ അപകടത്തെ തുടര്‍ന്ന് ഭാര്യ അനിതക്ക് തൊഴിലുറപ്പ് ജോലിക്കും പോകാന്‍ കഴിയാതെയായി.
വായ്പയെടുത്ത് പണിത വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കാനും നാളിതുവരെ കഴിഞ്ഞില്ല. അമ്മൂമ്മയുടെ മരണാനന്തര ശേഷക്രിയകളില്‍ സംബന്ധിച്ച് പെലക്കാട്ടുപയ്യൂരിലെ വീട്ടില്‍നിന്ന് തിരിച്ചുവരുന്നതിനിടയിലാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.
എതിര്‍ ദിശയില്‍ നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികരായ ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് മറ്റൊരു കാറില്‍ ചെന്നിടിച്ചാണ് നിന്നത്. കുടുംബം പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന യുവാക്കളുടെ ദാരുണ മരണം ഒരു ഗ്രാമത്തിനുതന്നെ തേങ്ങലായി മാറി.
https://www.facebook.com/Malayalivartha























