'അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുത്'; രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയ കെവി തോമസിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍. അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുതെന്നാണ് റിജില്‍ കെവി തോമസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്."കെ വി തോമസ്, വി എം സുധീരന്‍ എടുത്ത നിലപാട് സ്വീകരിക്കണം. അവസരങ്ങള്‍ കിട്ടാതവര്‍ക്ക് വേണ്ടി അവസരങ്ങള്‍ ലഭിച്ചവര്‍ മാറിനില്‍ക്കണം. അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുത്."-റിജില്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയ കെവി തോമസ് ഇന്ന് എഐസിസി ആസ്ഥാനത്തെത്തി താരീഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പദവിക്കും ആരും അയോഗ്യരല്ല. താരീഖ് അന്‍വറുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് പറഞ്ഞിരുന്നു.
രാജ്യസഭയിലേക്ക് എത്താന്‍ മുതിര്‍ന്ന നേതാക്കളുടെ കൂടാതെ യുവാക്കളുടെ പേരുകളും പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരുടെ പേരുകള്‍ മുന്‍പന്തിയിലുണ്ട്.
കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ന് വിജ്ഞാപനം പുറത്തിറക്കും. മാര്‍ച്ച് 21നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മാര്‍ച്ച് 22ന് സൂക്ഷമ പരിശോധന പൂര്‍ത്തിയാക്കി 31ന് വോട്ടെടുപ്പ് നടത്തും. മാര്‍ച്ച് 24 വരെ പത്രിക പിന്‍വലിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ 31ന് വൈകിട്ട് തന്നെ നടക്കും.
https://www.facebook.com/Malayalivartha


























