കണ്‍സെഷന്‍ പരാമര്‍ശം വിവാദമായതോടെ മന്ത്രി ആന്റണി രാജുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചു ... വിവാദ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്

കണ്‍സെഷന്‍ പരാമര്‍ശം വിവാദമായതോടെ മന്ത്രി ആന്റണി രാജുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചു വിരട്ടി. രണ്ടര വര്‍ഷത്തേക്ക് ഗതാഗത മന്ത്രിയായിരിക്കാന്‍ മാത്രമാണ് ആന്റണി രാജുവിനെ നിയോഗിച്ചതെന്ന് പിണറായി ഓര്‍മ്മിപ്പിച്ചുവെന്നാണ് സൂചന.
ഗതാഗത മന്ത്രിയാകാന്‍ പുരനിറഞ്ഞു നില്‍ക്കുന്ന ഇടതു എം എല്‍ എ കെ.ബി.ഗണേഷ് കുമാറാറിന്റെ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രി രാജുവിനെ ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ വിരട്ട് ഫലിച്ചപ്പോള്‍ വിവാദ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങള്‍ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ തിരുത്തും.എന്നാല്‍ ആന്റണി രാജു കുട്ടികളെ അധിക്ഷേപിക്കുക തന്നെയാണ് ചെയ്തത്. അത് മന്ത്രിയുടെ ലൈവ് കണ്ടവര്‍ക്കറിയാം.
കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.എഫ് ഐ. കേരളം ഭരിക്കുന്നത് ഇടതു മുന്നണിയാണ്. കുട്ടികളെ അധിക്ഷേപിക്കുമ്പോള്‍ അതിന്റെ ക്ഷീണം എസ് എഫ് ഐ ക്കാണ് വന്നു ചേര്‍ന്നത്.
കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൌജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ എസ്എഫ്‌ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്‌ഐയുമായി താന്‍ സംസാരിച്ചോളാമെന്നും തന്റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നുമാണ് ആന്റണി രാജു പറഞ്ഞത്. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‌യുവിന്റേത് രാഷ്ട്രിയ പ്രസ്താവനയാണ്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നും ആന്റണി രാജു പറഞ്ഞു.
പുതിയ വോള്‍വാ ബസുകള്‍ വാങ്ങുന്നതിലുള്‍പ്പെടെ ആന്റണി രാജുവുമായി സി പി എമ്മിന് ചില എതിരഭിപ്രായങ്ങളുണ്ടായിരുന്നു.അതിപ്പോഴും നിലനില്‍ക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ ഇത്തരത്തില്‍ തുടര്‍ന്നും സഹായിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ്.
കോര്‍പ്പറേഷനില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന സംശയം സി പി എമ്മിനുണ്ട്. ആന്റണി രാജു സ്വന്തം നിലയില്‍ തോന്നിയ മട്ടില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം സി പി എമ്മിന് നേരത്തെ തന്നെയുണ്ട്. ഇത് കണ്‍സെഷനില്‍ മാത്രം തുടങ്ങിയ അഭിപ്രായ ഭിന്നതയല്ല.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയാണ് വിവാദമായത്. കണ്‍സെഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. 'പത്ത് വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു'. കണ്‍സെഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ അപക്വം എന്നാണ് എസ്എഫ്‌ഐ വിശേഷിപ്പിച്ചത്. വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കണ്‍സെഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്‌ഐ പറയുന്നു.
ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ അറിയിച്ചു.
ഗണേഷ് കുമാറിന് തന്റെ ടൈം തെളിഞ്ഞതായി തോന്നി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ലൈവാകാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha


























