തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ച വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്‌തുകൊടുത്തുവെന്ന് അറിയാൻ ലക്‌ഷ്യം; പിന്നാലെ ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നു.. സംരക്ഷണം ആവിശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് ചീറിപാഞ്ഞ് സൈബർ വിദഗ്ദ്ധൻ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ദ്ധൻ. കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ചതായി വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്‌തുകൊടുത്തു എന്നും അറിയാനായിരുന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. . കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്ന്നാണ് സൂചനകൾ. മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണ് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞത്. ഈ മായ്ച്ചുകളയുന്ന ഡേറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ എന്‍ഐഎയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യുഎപിഎ കേസുകളില്‍ ഫൊറന്‍സിക് അന്വേഷണം നടത്താന്‍ കേരള പൊലീസ് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണം തേടാറുണ്ട്.
കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ്, പ്രതിഭാഗം കോടതിയില്‍ കൈമാറിയ ഫോണുകളില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയത്. ഫോണ്‍ ഹൈക്കോടതി റജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറും. തെളിവു നശിപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തിയാണു പ്രതിഭാഗം അഭിഭാഷകരുടെ സഹകരണത്തോടെ നടന്‍ ദിലീപും കൂട്ടാളികളും നടത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം. പീഡനക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ ആരോപണം. ഈ കേസും പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഇത്തരമൊരു ആരോപണം പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha


























