ഊരാളുങ്കലിൻ്റെ പണം കണ്ട് റിയാസിൻ്റെ കണ്ണ് മഞ്ഞളിച്ചു! പാലം തകർന്നതിൻ്റെ കുറ്റം ഹൈട്രോളിക് ജാക്കിക്ക്! പാവം ജാക്കി

ഒടുവിൽ സി പി എമ്മിൻ്റെ ഇൻവെസ്റ്റിംഗ് ഏജൻസിയായ ഊരാളുങ്കൽ സൊസൈറ്റിയെ സർക്കാർ രക്ഷിച്ചു. സാധാരണക്കാരൻ്റെ കോടികൾ ചെലവാക്കി പണിഞ്ഞുപൊക്കിയ പാലം തകർന്നു വീണപ്പോൾ കുറ്റം ഹൈട്രോളിക് ജാക്കിക്ക്! എങ്കിലും പ്രിയപ്പെട്ട മുഹമ്മദ് റിയാസ്, താങ്കളെ കുറിച്ച് കേരളം ഇങ്ങനെയൊന്നുമല്ല കരുതിയത്.
ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി പറഞ്ഞത്. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്നമെന്ന് എൻ ഐ ടിയുടെ റിപ്പോർട്ടുണ്ടെന്നും നിയമസഭയെ അറിയിച്ചു. ജീവനക്കാർക്ക് നൈപുണ്യം ഉണ്ടായിരുന്നു . ഗുണനിലവാര പരിശോധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി അറിയിച്ചു.
പാലത്തിനുണ്ടായ തകരാർ സർക്കാർ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എൻജിനീയറോടും അസിസ്റ്റന്‍റ് എൻജിനീയറോടും വിശദീകരണം തേടി. അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയർ അവധിയിൽ പോയപ്പോൾ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥർ നിർമാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യാ ആലോചനയിൽ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി. വിജിലൻസ് റിപ്പോർട്ടിൽ നടപടികൾക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷംപറഞ്ഞിട്ടും ഫലമുണ്ടായില്ല.. കൂളിമാട് പാലം തകർച്ചയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്നു റോജി ജോൺ എം എൽ എ ആവശ്യപ്പെട്ടു. ഇതും ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. പാലാരിവട്ടം പാലം പോലെ അല്ല കൂളിമാട് പാലം എന്നു മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം നിർമാണ കമ്പനിയെ തന്നെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലും പാലങ്ങൾ നിർമാണത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന കേട്ട് പ്രതിപക്ഷം ഞെട്ടിയെന്നാണ് വിവരം.
ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമാണ പ്രവര്ർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന പദ്ധതികളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടപടിയെടുത്തിട്ടുണ്ട്. . പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. . പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
കൂളിമാട് പാലത്തിൻ്റെ തകർച്ചയ്ക്ക് ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ട്. പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്‍റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി. ഒരാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അതായത് ഊരാളുങ്കലിൻെറ തോന്യാസം പോലെയാണ് കാര്യങ്ങൾ നടന്നതെന്നാണ് കണ്ടെത്തൽ.
അസി. എഞ്ചിനീയര്‍ മൊഹ്സിൻ അമീനും സ്ഥലത്തുണ്ടായിരുന്നില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു എഞ്ചിനീയര്‍മാർ എന്ന വിവരമാണ് പുറത്തുവരുന്നത്. ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരും സി പി എം അനുഭാവികളും സംഘടനാ നേതാക്കളുമാണ്.
കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഇവർ. കോഴിക്കോട് ജില്ലയിൽ ആരെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണ്. ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയുമായി ബന്ധമുള്ളവരാണ്. മന്ത്രിക്ക് ഇഷ്ടമുള്ളവരെ മാത്രമേ കോഴിക്കോട് ജില്ലയിൽ നിയമിക്കുകയുള്ളു. അതു കൊണ്ടു തന്നെ മന്ത്രി തന്നെയാണ് അപകടത്തിൻ്റെ ഉത്തരവാദിയെന്നാണ് ആരോപണം.
നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നെങ്കിലുംഉച്ചതിരിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഇതാണ് മന്ത്രിയുടെ വകുപ്പിൻ്റെ ജാഗ്രത. പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ തകർന്നുവീണത്. മലപ്പുറം ജില്ലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് പിഡബ്ലിയുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകർന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് .
ഊരാളുങ്കൽ സൊസൈറ്റിയാണ് പൊതുമരാമത് വകുപ്പ് ഭരിക്കുന്നതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ആരോപണം. ഊരാളുങ്കലിനെതിരെ ഒരക്ഷരം മിണ്ടിയാൽ എഞ്ചിനീയർമാരുടെ ജോലി പോകും. ഊരാളുങ്കലിൻ്റെ സി പി എം ബന്ധം തന്നെയാണ് കാരണം. ഊരാളുങ്കൽ പൊതുമരാമത്ത് വകുപ്പിൻ്റെ കരാറുകൾ ഏറ്റെടുത്തു തുടങ്ങിയതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന കൈക്കൂലികൾ അവസാനിച്ചു.ഇത് വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. ഉന്നതതലത്തിൽ വീതംവയ്പ് നടത്തിയ ശേഷമാണ് ഊരാളുങ്കൽ പൊതുമരാമത്ത് വകുപ്പ് കരാർ ഏറ്റെടുക്കുന്നത്.
ഊരാളുങ്കലിൻ്റെ കച്ചവടം അവസാനിപ്പിക്കാൻ തക്കം പാർത്ത് ഇരിക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ. കൂളിമാട് പാലത്തിൻ്റെ തകർച്ച ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തന്നെയാണ്. പാലത്തിൻ്റെ തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രി റിയാസ് ഉത്തരവിട്ടത് അതുകൊണ്ടാണ്.
തൻ്റെ വകുപ്പിൽ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് ഇടപെട്ടതിൽ റിയാസിന് വിരോധമുണ്ട്. പാലം തകർന്നയുടൻ തൻ്റെ വകുപ്പിൻെറ വിജിലൻസ് വിഭാഗം അന്വേഷിക്കാൻ മന്ത്രി തീരുമാനിച്ചത് അതുകൊണ്ടാണ്. വിജിലൻസ് ആഭ്യന്തര വകുപ്പിൻ്റെ കീഴിലാണ്. മുതിർന്ന ഡി ജി പിയായിരുന്നു അന്ന് വിജിലൻസിൻ്റെ മേധാവി. അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ വിജിലൻസിന് അന്വേഷിക്കാൻ കഴിയില്ല. അതായത് വിജിലൻസ് മേധാവിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോ ഇക്കാര്യം അറിഞ്ഞില്ല.
വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് പാലത്തിൽ പരിശോധന നടത്തിയത്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യു ഡി എഫ് സമരം തീരുമാനിച്ചയുടനെയാണ് പരിശോധന നടത്തിയത്.തുടർന്ന് ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. വിജിലൻസ് ഇൻസ്പെക്ടർ കെ ജയനാണ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ പൊതുമരാമത്ത് വിജിലൻസ് വിഭാഗവും പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.അൻസാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിന് ശേ ഷം റോഡ് ഫണ്ട് ബോർഡും പരിശോധന നടത്തി.
ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിലെ ജോലികളിൽ സിംഹഭാഗവും എഴുതി നൽകുന്നതിൽ മന്ത്രി മുഹമ്മദ് റിയാസിന് മുമ്പും താൽപ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ഊരാളുങ്കലിനെതിരെ മുമ്പ് പലവട്ടം രംഗത്തെത്തിയിട്ടുണ്ട്. ഊരാളുങ്കലിന് പ്രൊഫഷണലിസം പോരെന്ന അഭിപ്രായമാണ് റിയാസിനുണ്ടായിരുന്നത്. ശംഖുമുഖം റോഡ് നിർമ്മാണത്തോടെയാണ് മന്ത്രിയും ഊരാളുങ്കലും തെറ്റിയത്.
തന്നെ ഊരാളുങ്കൽ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നും ഇത് ശരിയായ നിലപാടല്ലെന്നുമാണ് മന്ത്രി കരുതുന്നത്. താൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്ത നടപടിയെ യോഗത്തിൽ തന്നെ മന്ത്രി വിമർശിച്ചിരുന്നു. സിപിഎമ്മിൻ്റെ പിന്തുണയാണ് ഊരാളുങ്കലിൻെറ ആർജവം. വകുപ്പു മന്ത്രി അവരെ സംബന്ധിച്ചടത്തോളം ആരുമല്ല. എന്നാൽ ഇത് സമ്മതിച്ചു കൊടുക്കാൻ മന്ത്രി തയ്യാറല്ല. മുമ്പ് ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ഊരാളുങ്കൽ ആരെയും ആവശ്യത്തിൽ കൂടുതൽ പരിഗണിക്കുന്നഏജൻസിയല്ല..
പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉള്ള നിലപാടിന് വിരുദ്ധമാണ് റിയാസിൻ്റെ നിലപാട്. ഊരാളുങ്കൽ എന്ന സി പി എം സ്പോൺസേഡ് സംഘടനയെ സംബന്ധിച്ചടത്തോളം റിയാസിൻ്റെ നിലപാട്. ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ വാക്കുകൾ ഊരാളുങ്കലിന് നൽകിയ അടി ചെറുതല്ല. ഊരാളുങ്കലിനെ സംബന്ധിച്ചടത്തോളം ഇതവർക്ക് അപമാനമായി മാറിയിരിക്കുകയാണ്.
ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാർത്തി നൽകിയിട്ടില്ല. നിർമ്മാണ പ്രവർത്തികള്‍ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ ഏതു കമ്പനിയ്ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കൽ ഏറ്റെടുത്ത ശംഖുമുഖം റോഡിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
കടൽക്ഷോഭത്തിൽ തകർന്ന് ശംഖുമുഖം- എയർപോർട്ട് റോഡിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങ ളിലും പാളിച്ചയുണ്ടായി. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാൻ പൈലിംഗ് നടത്തി ഡയഫ്രം വാൾ നിർമ്മിക്കുന്ന പ്രവർത്തിക്കളാണ് നടന്നത്.. ഡയഫ്രം വാള്‍ നിർമ്മിച്ച ശേഷമാണ് റോഡ് നിർമ്മിച്ചത്.. എന്നിട്ടും റോഡ് രണ്ടാമതും തകർന്നു. നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിൽ ഊരാളുങ്കലിന്‍റെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല.
യോഗത്തിൽ ഊരളുങ്കലിനെ മന്ത്രി വിമർശിച്ചിരുന്നു. നിർമ്മാണ പുരോഗതി വിലയിരിത്താനെത്തിയപ്പോഴും മന്ത്രി വിമർശനം തുടർന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കൽ നിർമ്മാണ കരാർ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്ന കരാറുകാർക്ക് പാരിതോഷികം നൽകുന്ന കാര്യം പരിഗണിയിലിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. എന്നാൽ അതേ മന്ത്രിയാണ് ഇപ്പോൾ മലക്കം മറിഞ്ഞത്. ഊരാളുങ്കലിനെ പൂർണമായി കുറ്റവിമുക്തരാക്കി കൊണ്ടാണ് മന്ത്രി നിയമസഭയിൽ പ്രസംഗിച്ചത്. ഇതാണ് സി പി എമ്മിൻ്റെയും അവരുടെ ഫണ്ടിംഗിൻ്റെയും ശക്തി.
https://www.facebook.com/Malayalivartha


























