ഫോണിൽ ലൈവ് കാണുമ്പോഴും അച്ഛൻ അറിഞ്ഞില്ല പിടഞ്ഞു മരിച്ചത് അൽപം മുമ്പ് ഫോണിൽ സംസാരിച്ച മകനാണെന്ന്; അച്ഛനും അമ്മയും പോയതറിയാതെ ശ്രീക്കുട്ടി, പ്രാർത്ഥനയോടെ കുടുംബം കൊട്ടാരക്കര കുളക്കടയിലുണ്ടായ അപകടത്തിൽ മരിച്ച ബിനീഷിനു അഞ്ജുവിനും കണ്ണീരോടെ നാട് വിട പറഞ്ഞു...

എം സി റോഡിൽ കൊട്ടാരക്കര കുളക്കടയിലുണ്ടായ അപകടത്തിൽ മരിച്ച ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (34), ഭാര്യ എ ജി അഞ്ജു (30) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
ദമ്പതികളുടെ ഏക മകൾ മൂന്നുവയസുകാരി ശ്രേയ (ശ്രീക്കുട്ടി) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയെയെങ്കിലും തിരിച്ചുകിട്ടണമേയെന്ന പ്രാർത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും.
എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ബിനീഷും കുടുംബവും വീട്ടിലേക്ക് പുറപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്ക് ബിനീഷ് അച്ഛൻ കൃഷ്ണൻകുട്ടിയെ ഫോൺ ചെയ്തിരുന്നു. അപ്പോൾ അടൂർ കഴിഞ്ഞെന്ന് അറിയിക്കുകയും ചെയ്‌തു.
പന്ത്രണ്ടരയ്ക്ക് ഓൺലൈൻ ചാനലിൽ കുളക്കടയിലുണ്ടായ അപകട വാർത്ത കൃഷ്ണൻകുട്ടി ലൈവായി കണ്ടിരുന്നു. മരിച്ചത് മകനും മരുമകളുമാണെന്നോ, പേരക്കുട്ടി ഗുരുതരാവസ്ഥയിലാണെന്നോ അദ്ദേഹത്തിന് മനസിലായില്ല. ഒരു മണിയോടെ പൊലീസ് വിളിച്ചപ്പോഴാണ് മകനും കുടുംബവുമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയുന്നത്.
ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ആൾട്ടോ കാർ കരയോഗം മന്ദിരത്തിന്റെ മതിൽ ഇടിച്ചുതകർത്താണ് നിന്നത്. കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവർ കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്. അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജു മരിച്ചു. കൊട്ടാരക്കര, അടൂർ ഫയർഫോഴ്സും പൊലീസുമെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബിനീഷിനെ പുറത്തെടുത്തത്. ഉടൻ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈൽ എഞ്ചിനിയറായിരുന്നു ബിനീഷ്.
https://www.facebook.com/Malayalivartha

























