മലപ്പുറം ഗവ. കോളേജില്‍ 11 ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ മോഷണംപോയ സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേര്‍ അറസ്റ്റില്‍

മലപ്പുറം ഗവ. കോളേജില്‍ 11 ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ മോഷണംപോയ സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേര്‍ അറസ്റ്റില്‍.
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തീഫ്, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ നന്മണ്ട സ്വദേശി ആദര്‍ശ് രവി, പുല്ലാര സ്വദേശി നിരഞ്ജ് ലാല്‍, മഞ്ചേരി സ്വദേശി അഭിഷേക്, വിദ്യാര്‍ഥികളായ പന്തല്ലൂര്‍ സ്വദേശി ഷാലിന്‍ ശശിധരന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളില്‍നിന്നാണ് മോഷണം നടന്നത്.
ജൂണ്‍ 27, 30, ജൂലായ് രണ്ട് എന്നീ തീയതികളിലാണ് മോഷണം നടന്നതെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച ബാറ്ററികള്‍ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രിക്കടകളില്‍ വിറ്റു പണമാക്കി. ഈ തുക ഇവര്‍ ചെലവാക്കിയെന്ന് പോലീസ് അറിയിച്ചു. കോളേജില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റിങ്ങിലാണ് മോഷണവിവരം അറിഞ്ഞത്.
തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. സുരക്ഷാജീവനക്കാരനെയും സംശയമുള്ള വിദ്യാര്‍ഥികളെയും ചോദ്യംചെയ്തതോടെയാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ്‌ചെയ്തു. കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്ന് സി.ഐ. ജോബി തോമസ് അറിയിച്ചു. ഏകദേശം ഒരുലക്ഷം രൂപ വിലവരുന്ന ബാറ്ററികളാണ് മോഷണം പോയത്. 11 ബാറ്ററികളില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നതും അഞ്ചെണ്ണം പ്രവര്‍ത്തനരഹിതവുമാണ്. ആദ്യം പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളതും മോഷ്ടിച്ചു. ഓരോ ബാറ്ററിയും 1500 മുതല്‍ 3000 രൂപയ്ക്കു വരെയാണ് വിറ്റത്.
മലപ്പുറം ഗവ. കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി, നിരഞ്ജ് ലാല്‍, അഭിഷേക് എന്നിവരെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി മലപ്പുറം ഏരിയാകമ്മിറ്റി അറിയിച്ചു. കേസില്‍പ്പെട്ട യൂണിറ്റ് പ്രസിഡന്റ് ആത്തിഫിനെ പുറത്താക്കിയതായി കെ.എസ്.യു. ജില്ലാസെക്രട്ടറി ഇ.കെ. അന്‍ഷിദ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടേക്കും.
"
https://www.facebook.com/Malayalivartha
























