ബൈക്ക് തെന്നി കനാലിലേക്ക് മറിഞ്ഞു, ചൂണ്ടയിടാൻ പോയ യുവാവ് കനാലിൽ മരിച്ച നിലയിൽ

മാവേലിക്കരയിൽ ബൈക്ക് തെന്നി കനാലിൽ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ ആണ് മരിച്ചത്. 38 കാരനായ ഇയാൾ കഴിഞ്ഞ ദിവസം പ്രായിക്കരയില്‍ രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്നാൽ ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. കനാലിന്റെ വശത്തു കൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ് വീട്ടിലേക്ക് പോകുന്നത്.
രാത്രിയിൽ ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ, കനാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ മാവേലിക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക
https://www.facebook.com/Malayalivartha
























