ടാറിളകുന്നു നാടിളകുന്നു... ന്നാ താന്‍ കേസ് കൊട് സിനിമയോടെ കുഴിയ്ക്ക് മാസ് എന്‍ട്രി കിട്ടി; കുഴികള്‍ കാരണം നാട്ടില്‍ മനസമാധാനം തകരുന്നു; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ് ഐക്ക് പരിക്ക്; യാത്രക്കാരെ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ 8 പേര്‍ കസ്റ്റഡിയില്‍

മഴ വന്നു റോഡില്‍ ഒട്ടിച്ചുവച്ച ടാറിളകുന്നു. പലരും റോഡില്‍ പൊലിഞ്ഞതോടെ ജനവും ഇളകി. ഇതിന്റെ പിന്നാലെ കോടതിയും ഇടപെട്ടതോടെ കുഴികള്‍ ഒന്നൊന്നായി അടയ്ക്കുകയാണ്. അടച്ചിട്ടും അടച്ചിട്ടും കുഴികള്‍ തീരാതായതോടെ റോഡ് പണിക്കാരും മടുത്തു. ഇതിനിടെ ജനവും റോഡ് പണിക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പോലും ഉണ്ടായി.
ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ സിനിമയോടെ കുഴിയ്ക്ക് മാസ് എന്‍ട്രി കിട്ടിയിരിക്കുകയാണ്. അതിനിടെ കുഴിയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന വാര്‍ത്തയും വരുന്നുണ്ട്. ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്കില്‍ സഞ്ചരിച്ച എസ് ഐക്ക് പരിക്കേറ്റു. കായംകുളം കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ ബൈക്ക് വീണതിനെ തുടര്‍ന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു. പരിക്കെറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കരിയിലകുളങ്ങര മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളില്‍ വലിയ കുഴികളാണുള്ളത്. ഇവിടങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവു വിളക്കുകളില്ലാത്തത് രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദേശീയപാതയിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികള്‍ അടയ്ക്കുന്നതെന്ന പരാതി വ്യാപകമാണ്. റോഡ് പൂര്‍ണമായും ടാര്‍ ചെയ്യാതെ കുഴികള്‍ ഉള്ള ഭാഗങ്ങള്‍ മാത്രം അടയ്ക്കുന്നതിനാല്‍ റോഡിന്റെ മധ്യത്തില്‍ ഉയരും താഴ്ചയും ഉണ്ടാകുന്നത് ഇരുചക്ര വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
അതേസമയം കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള ചിലവന്നൂര്‍ റോഡില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.
മുന്നറിയിപ്പ് ബോര്‍ഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂര്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാര്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.
കുഴിയടയ്ക്കാത്തതിനെ ചൊല്ലി ടോള്‍ക്കാര്‍ക്കെതിരേയും തര്‍ക്കം നടക്കുന്നുണ്ട്. അതിനിടെ കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദ്ദിച്ചു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറഞ്ഞു. അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തായാലും കുഴി കാരണം നാട്ടില്‍ പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
"
https://www.facebook.com/Malayalivartha

























