ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായി: മണിക്കൂറുകൾ നീണ്ട അന്വേഷണം:- ഒടുവിൽ അറിഞ്ഞത് നിർദ്ദേശങ്ങൾ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗര്‍ഭിണി ഒറ്റയ്ക്ക് പുറത്തിറങ്ങി സ്വന്തം വീട്ടിലെത്തിയെന്ന്...

ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായത് അധികൃതരെ ആശങ്കയിലാക്കി. മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. സേലം കണ്ടപ്പട്ടി സ്വദേശി റുബിയ ഭാനുവിനെയാണ് ( 28 ) ലേബര്‍ റൂമില്‍ നിന്ന് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സേലത്തെ വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു.
ശനിയാഴ്ച രാത്രി 1.30ഓടെ എസ്.എ.ടി ആശുപത്രിയിലെത്തിയ ഇവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലേബര്‍ റൂം സ്റ്റേജ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഗര്‍ഭിണിയെ കാണാതായതായി ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞത്.
ഇവരുടെ കൂട്ടിരിപ്പുകാരെയും കാണാതായതോടെ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ ആശുപത്രിയില്‍ നല്‍കിയ മൊബൈല്‍ നമ്പർ ഓഫായതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. ലേബര്‍ റൂം സ്റ്റേജ് ഒന്നില്‍ നിന്ന് പുറത്തിറങ്ങിയ ഗര്‍ഭിണി വേഷം മാറി കൂട്ടിരിപ്പുകാരിയാണെന്ന വ്യാജേന സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാല്‍ ലേബര്‍ റൂം സ്റ്റേജ് ഒന്നില്‍ നിന്ന് ഗര്‍ഭിണി പുറത്തിറങ്ങി താഴെ വന്ന് വേഷം മാറിയാണ് പോയതെന്ന് സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു. നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ ഇറങ്ങിപ്പോയെന്നാണ് പിന്നീട് ഗർഭിണി ആശുപത്രി അധികൃതരോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























