ആഞ്ഞടിച്ച് വെള്ളാപ്പള്ളി... വിഡി സതീശനെതിരെ വിമര്‍ശനം ശക്തമാക്കി വെള്ളാപ്പള്ളി; വിഡി സതീശന്‍ ഈഴവ വിരോധി, അഹങ്കാരിയും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വെള്ളാപ്പള്ളിയും വിഡി സതീശനും തമ്മിലുള്ള അകലം വര്‍ധിച്ചു. വിഡി സതീശനെതിരെ വിമര്‍ശനം ശക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാഴ്ച മുന്‍പ് സതീശന്‍ തന്നെ വീട്ടില്‍ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാന്‍ താന്‍ അനുവാദം നല്‍കി. ആ സതീശനാണ് തന്നെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത്.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹങ്കാരിയും ധാര്‍ഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മുസ്ലിം വിരോധി അല്ല. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് താന്‍. എന്ത് വന്നാലും അതില്‍ നിന്ന് പിന്‍മാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താന്‍ സത്യങ്ങള്‍ പറയുമ്പോള്‍ തന്നെ വര്‍ഗീയവാദി ആക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയാണ് പുതിയ വെല്ലുവിളി.
സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സതീശന്റെ മണ്ഡലത്തിലെത്തി കാര്യങ്ങള്‍ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശന്‍. താന്‍ ശ്രീനാരായണ ധര്‍മ്മം പഠിക്കണമെന്നാണ് സതീശന്‍ പറയുന്നത്. സതീശന്‍ തന്നെ ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല. ഈഴവന് വേണ്ടി സതീശന്‍ എന്ത് ചെയ്തു നാളെ തോല്‍ക്കാന്‍ വേണ്ടിയിട്ടാണ് സതീശന്‍ ഇതൊക്കെ പറയുന്നത്.
രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറഞ്ഞത്. ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഈഴവര്‍ വോട്ടു കുത്തുന്ന യന്ത്രമാണ് എന്നല്ലാതെ അവര്‍ക്ക് അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒതുങ്ങുന്നവനല്ല താന്‍. പറവൂരില്‍ 52% വോട്ട് ഉണ്ടെന്ന് പറഞ്ഞ സതീശന്‍ പറഞ്ഞിട്ടും തോറ്റത് ഓര്‍മയില്ലേ. ഇതുപോലെ അഹങ്കാരം പറഞ്ഞവര്‍ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്നലെ സതീശന്റെ മണ്ഡലമായ പറവൂരിലും എറണാകുളത്തും നടന്ന ശാഖായോഗം നേതൃസംഗമങ്ങളില്‍ സതീശനും മുസ്ലിം ലീഗിനുമെതിരായ നിലപാടുകള്‍ വെള്ളാപ്പള്ളി കടുപ്പിച്ചു.
സൂപ്പര്‍മാനാണെന്ന് ധരിക്കേണ്ടെന്നും പറവൂരില്‍ സതീശന്‍ തോറ്റ ചരിത്രവുമുണ്ടെന്നുംവെള്ളാപ്പള്ളി പറഞ്ഞു.പറവൂരിലെ 54 ശതമാനം ഈഴവര്‍ പോഴന്മാരല്ല. സ്വന്തം മണ്ഡലത്തിലെ കള്ള്, നെയ്ത്ത്, കയര്‍ വ്യവസായങ്ങള്‍ നശിച്ചിട്ടും എം.എല്‍.എ ചെറു വിരലനക്കിയില്ല. ഈഴവ സ്‌നേഹം അഭിനയിക്കുന്ന ഒരു പാടു മുഖങ്ങളുള്ള നേതാവായ സതീശന്‍ മൂന്നാഴ്ച മുമ്പ് വീട്ടില്‍ വരാന്‍ സമയം ചോദിച്ച ശേഷമാണ് തന്നെ ഗുരുധര്‍മ്മം പഠിപ്പിക്കാനിറങ്ങിയത്. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കലാണ് ലക്ഷ്യം.
മലപ്പുറത്ത് ഈഴവ സമുദായം അനുഭവിക്കുന്ന സാമൂഹ്യ അനീതിയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ലീഗുകാര്‍ ഇരിക്കാന്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിടക്കും. ആര്‍. ശങ്കറിന് ശേഷം കോണ്‍ഗ്രസിലെ ഈഴവ നേതാക്കളെ വെട്ടിനിരത്തി. ഇപ്പോള്‍ എം.എല്‍.എമാരില്‍ ആകെയുള്ളത് കെ. ബാബു മാത്രമാണ്. സതീശന് വി.എം. സുധീരന്റെ ഗതി വരും. രാഷ്ട്രീയ വനവാസമാണ് കാത്തിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ 100 സീറ്റ് ലഭിക്കുമെന്ന് സതീശന്‍ വീമ്പു പറയുകയാണ്. 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാല്‍ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. എല്‍.ഡി.എഫിന് തുടര്‍ ഭരണം ഉറപ്പാണ്.
സര്‍ക്കാരിനും പ്രതിപക്ഷത്തിനുമുള്ള കല്പനകള്‍ മലപ്പുറത്ത് നിന്ന് ദിവസവും ഇറങ്ങുന്നുണ്ട്. മതസൗഹാര്‍ദ്ദം വണ്‍വേ ട്രാഫിക്കല്ല. യോഗത്തിന്റെ വളര്‍ച്ച ലീഗിന് പിടിക്കുന്നില്ല. യോഗത്തെ എങ്ങനെയും തകര്‍ക്കാനുള്ള തന്ത്രങ്ങളിലാണവര്‍. ചതിയില്‍ വീഴാന്‍ തയ്യാറല്ലെന്ന് പറഞ്ഞതാണ് കാരണം.
മുസ്ലിം വിരോധിയെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട. കടലില്‍ കുളിച്ച താന്‍ കുളം കണ്ടാല്‍ പേടിക്കില്ല. മലപ്പുറം ആസ്ഥാനമായി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം പോലുമുണ്ടെന്നു പറഞ്ഞത് താനല്ല. മുസ്ലിങ്ങളുടെ നന്മയ്ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് മുസ്ലിം ലീഗെന്ന് വഖഫ് കേസില്‍ സുപ്രീം കോടതിയില്‍ അവര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അധികാരം കിട്ടിയപ്പോഴൊക്കെ അവര്‍ മറ്റു സമുദായങ്ങള്‍ക്ക് ഒന്നും നല്‍കാതെ എല്ലാം തട്ടിയെടുത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും രണ്ട് യോഗങ്ങളിലും പങ്കെടുത്തു
അതേസമയം ചുക്കും ചുണ്ണാമ്പും അറിയാത്തയാളാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം യൂണിയനുകളിലെ ശാഖാനേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവിന്റെ മാന്യതയും മര്യാദയും സതീശനില്ലെന്നും ഈഴവരായ നേതാക്കളെ തെരഞ്ഞുപിടിച്ചു ചീത്തപറയുന്ന ഈഴവവിരോധിയാണെന്നും കുറ്റപ്പെടുത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ആക്ഷേപിച്ച് താഴെയിറക്കി. പിണറായി വിജയനെയും നിരന്തരം ചീത്തപറയുകയാണ്. തന്നെയും കണ്ടുകൂടാ. തന്നെ ഗുരുധര്‍മ്മം പഠിപ്പിക്കാന്‍ അദ്ദേഹം വരേണ്ട.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനാകണം. മുസ്ലിങ്ങള്‍ക്ക് താന്‍ എതിരല്ല. മലപ്പുറത്ത് വിദ്യാഭ്യാസമേഖലയില്‍ ഈഴവര്‍ വിവേചനം നേരിടുന്നുവെന്നും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്ലിങ്ങളുടെ പക്കലാണെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്. കേരളത്തില്‍ സാമൂഹിക സാമ്പത്തിക സെന്‍സസ് വേണം. തൊഴിലുറപ്പു പദ്ധതിയില്‍പ്പെട്ടുപോയവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിംസമുദായ സംഘടനകള്‍ പറയുന്നതനുസരിച്ചാണ് കേരളത്തില്‍ സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്ന് പെരുമ്പാവൂരില്‍ എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ശാഖാ നേതൃസംഗമത്തില്‍ അദ്ദേഹം പറഞ്ഞു.യു.ഡി.എഫും എല്‍.ഡി.എഫും മുസ്ലിംസംഘടനകളുടെ ആവശ്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് അവര്‍ വോട്ടുബാങ്കുകളായതിനാലാണ്. മറ്റൊരു സംസ്ഥാനത്തും ഇവര്‍ ഒന്നും പറയുന്നില്ല. മുസ്ലിംലീഗ് മതേതര സംഘടനയാണെന്നാണ് അവകാശവാദം. അവരുടെ ഭരണഘടനയില്‍ മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപാര്‍ട്ടിയെന്നാണ് പറയുന്നത്. പിന്നാക്കക്ഷേമത്തിനായി ഒരുകാലത്ത് അവരോടൊന്നിച്ചു പ്രവര്‍ത്തിച്ചതാണ്. അധികാരം കിട്ടിയപ്പോള്‍ അവര്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി എല്ലാം നേടിയെടുത്ത് ഈഴവസമുദായത്തെ വഴിയാധാരമാക്കി.
കേരളത്തില്‍ മതാധിപത്യം കൊടികുത്തി വാഴുമ്പോഴാണ് താന്‍ ജാതി പറയുന്നതായി മുസ്ലിംലീഗ് വിലപിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, നായര്‍ വിഭാഗങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അവര്‍ അതൊന്നും പാടിക്കൊണ്ടുനടക്കുന്നില്ല. കാര്യങ്ങള്‍ വരുമ്പോള്‍ അവര്‍ ഒറ്റക്കെട്ടാണ്. ചില കുലംകുത്തികള്‍ തന്നെയാണ് ഈഴവ സമുദായത്തിന്റെ ശത്രുക്കളെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍. കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തേയും മതസൗഹാര്‍ദത്തേയും തകര്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഉടനടി നീക്കണമെന്നും സാസംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലോകത്താകമാനം സാഹോദര്യത്തിന്റെയും ജാതിമതങ്ങള്‍ക്കതീതമായ സ്നേഹത്തിന്റെയും സന്ദേശം പടര്‍ത്തിയ വ്യക്തിയാണ് ശ്രീ നാരായണഗുരു. മഹാജ്ഞാനിയായ ആ മഹാഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായി കേരളത്തിന്റെ മതസൗഹാര്‍ദത്തിനും ശ്രീനാരായണ മൂല്യങ്ങള്‍ക്കും എതിരായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
മുസ്ലിം ജനവിഭാഗത്തെ പൈശാചികവത്കരിച്ചുകൊണ്ടും പ്രസ്തുത ജനത്ക്ക് ഭൂരിപക്ഷമുള്ള മലപ്പുറത്തെ കുറിച്ചും വ്യാജമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റായ വെള്ളാപ്പള്ളി നവോത്ഥാനം എന്ന പദത്തെ തന്നെ പരിഹാസ്യവും അശ്ലീലവും ആക്കിയിരിക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനു വേണ്ടി പണിയെടുക്കുന്ന വെള്ളാപ്പള്ളിയുടെ ഗൂഢ ലക്ഷ്യം കേരള ജനത തള്ളിക്കളയേണ്ടതും ശക്തമായി അപലപിക്കേണ്ടതുമാണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശ്രീനാരായണ ഗുരു പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
'വെള്ളാപ്പള്ളിക്ക് മറുപടിയില്ല. എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത് ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. വിദ്വേഷ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പറയും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെടുക്കുകയാണ്. നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരും'- വി.ഡി. സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഈഴവ വിരുദ്ധനാണെന്നും മുഖ്യമന്ത്രിയാകാന്‍ നടക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. അദ്ദേഹത്തിന് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും ചീത്ത പറയാന്‍ മാത്രമേ വിഡി സതീശന് അറിയൂ എന്നും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha