ആധാറും വോട്ടേഴ്‌സ് ഐഡിയും വേണ്ടാ; ഇനി ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ്; രാജ്യത്ത് 2021ഓടെ ഡിജിറ്റല്‍ സെന്‍സസ്, മള്‍ട്ടിപര്‍പ്പസ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അതിനൂതന സംവിധാനങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് അമിത് ഷാ

വീണ്ടും പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് 2021ഓടെ ഡിജിറ്റല്‍ സെന്‍സസ്, മള്‍ട്ടിപര്‍പ്പസ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അതിനൂതന സംവിധാനങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിവിധോദ്ദേശ്യതിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത് ശ്രമകരമായ ഒന്നാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അനുസരിച്ചാണ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. അതിനാല്‍ 2021 ഓടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരോ വീടുകളിലും എത്തി നേരിട്ടുള്ള കണക്കടുപ്പിന് പകരം ചരിത്രത്തിലാദ്യമായാണ് ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുക. 2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. 2021 മാര്‍ച്ച് ഒന്നു മുതല്‍ രണ്ടു ഘട്ടങ്ങളായി ജനസംഖ്യാ കണക്കെടുപ്പ് നടക്കുമെന്ന് അമിത് ഷാ അറിയിച്ചു. വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ.
ജനസംഖ്യാ വിവരങ്ങള്‍ ഡിജിറ്റലാക്കുന്നതിനൊപ്പം വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കാര്‍ഡുകള്‍ക്ക് പകരം വിവരങ്ങള്‍ ഏകോപിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം ക്രമീകരിക്കുമെന്നും അമിത് ഷാ അറിയിച്ചു.
ഇതോടെ പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍നിന്ന് ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറും. വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലെ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും അടത്തു സെന്‍സസില്‍ ഉണ്ടാകും. 12,000 കോടിയാണ് ഡിജിറ്റല്‍ സെന്‍സസിനായി നീക്കിവെക്കുന്നത്.
മാതൃഭാഷക്ക് പുറമേ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന പ്രഖ്യാപനവുമായി അമിത് ഷാ നേരെത്തെ ഞെട്ടിച്ചിരുന്നു. 'ഹിന്ദി ദിവസ്' ആചരണത്തിന്റെ ഭാഗമായാണ് അമിത് ഷാ തന്റെ പ്രസംഗത്തിലൂടെയും ട്വിറ്ററിലൂടെയും 'ഒരു രാജ്യം, ഒരു ഭാഷ' എന്ന നിര്‍ദേശം അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന നിലയില്‍ രാജ്യത്തിനു മൊത്തത്തില്‍ ഒരു ഭാഷ അനിവാര്യമാണെന്നായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാല്‍ ഇത് ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു. ബി.ജെ.പി സഖ്യ കക്ഷികള്‍ ഉള്‍പ്പെടെ അമിത് ഷായുടെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. കേരളം, തമിഴ്നാട്, കര്‍ണാടകം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടായി.
https://www.facebook.com/Malayalivartha