യുദ്ധ സമാന തയ്യാറെടുപ്പ്; പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു; മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനായി പാകിസ്ഥാന്‍ അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നു; യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവ മുന്നോട്ടു നീങ്ങി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാന്‍ പിന്നാലെ ഇന്ത്യയും

യുദ്ധ സമാന തയ്യാറെടുപ്പുമായി ഇന്ത്യൻ സൈന്യം. പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പാകിസ്ഥാന്റെ സെെനിക അഭ്യാസം നിരീക്ഷിക്കാനായാണ് സൈനിക വിന്യാസം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനായി പാകിസ്ഥാന്‍ അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവ മുന്നോട്ടു നീങ്ങി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാന്‍ സുസജ്ജമെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരനും പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകള്‍ക്ക് പണം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ - പാക് ഏറ്റുമുട്ടല്‍ നാളെ നടക്കാനിരിക്കെയാണ് പശ്ചിമതീരത്തെ ഈ സേനാവിന്യാസം എന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം, പാകിസ്ഥാന്‍ ഭീകരതയെ കെെകാര്യം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഹൗഡി മോദി പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ -യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ച് പാകിസ്ഥാന് ഇനി ഒരു സന്ദേശവും നല്‍കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
മോദി പാക്കിസ്ഥാന് ശക്തവും വ്യക്തവുമായ സന്ദേശം നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരുമിച്ചു പ്രവര്‍ത്തിച്ചു പരിഹാര മാര്‍ഗം കണ്ടെത്തുമെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാനാണ് ഭീകരത കയറ്റി അയയ്ക്കുന്നതില്‍ ഒന്നാമതുള്ളതെന്നും ട്രംപ് പറഞ്ഞു. ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്‌ക്ക് പാകിസ്ഥാന്‍ പട്ടാളം പരിശീലനം നല്‍കിയിരുന്നെന്ന പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും ട്രംപ് വിശദീകരിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയ്ക്ക് നേരെ നിരവധി തവണ പ്രകോപനപരമായ നീക്കങ്ങള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുമുണ്ടായി. അതിര്‍ത്തിയില്‍ നിരന്തരമായി വെടിവെപ്പും ആക്രമണവും പാകിസ്താന്‍ നടത്തുന്നുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വീണ്ടും ഭീകരര്‍ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ഞൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തക്കംപാർത്തിരിക്കുന്നതായി കരസേനാ മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യൻ സൈന്യം മിന്നലാക്രമണത്തിലൂടെ തകർത്ത പാകിസ്താനിലെ ബാലാകോട്ട് ഭീകരകേന്ദ്രം വീണ്ടും പ്രവർത്തനസജ്ജമാകുന്നുവെന്ന റിപ്പോർട്ടും അദ്ദേഹം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha