തെലങ്കാനയില്‍ ബലാത്സംഗക്കൊല കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണവും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും
തെലങ്കാനയില്‍ ബലാത്സംഗക്കൊല കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണവും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. തെലങ്കാന ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജി എന്താണെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തെലങ്കാന ചീഫ് സെക്രട്ടറി, ഡി.ജി.പി, സൈബറാബാദ് പൊലീസ് കമീഷണര്‍ സജ്ജനാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകന് മനോഹര്‍ ലാല്‍ ശര്‍മ, ജി.എസ് മണി, പ്രദീപ്കുമാര്‍ യാദവ് എന്നിവരാണ് ഹരജികള്‍ നല്‍കിയത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജികളില്‍ ബോധിപ്പിക്കുന്നു. പൊലീസ് വെടിവെപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണസമിതിയെ നിയോഗിക്കണമെന്നാണ് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയുടെ ആവശ്യം. കൊലക്ക് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലെ സജ്ജനാറുടെ ശരീര ഭാഷ അദ്ദേഹത്തിന് ഒട്ടും കുറ്റബോധമില്ലെന്ന് തെളിയിക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha