പ്രതിരോധ സുരക്ഷ,തീരസംരക്ഷണം; സൈനിക ഉപഗ്രഹം ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൗ സ്‌പേസ് പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ചിനായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ നേവിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് കരുതുന്ന ഉപഗ്രഹം സെപ്‌റ്റംബര്‍ അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. 185 കോടിരൂപ ചെലവഴിച്ചാണ് ജിസാറ്റിന്റെ നിര്‍മിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമുദ്രവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് നാവികസേനയ്ക്ക് നിര്‍ണായക സഹായങ്ങള്‍ നല്‍കാന്‍ ജിസാറ്റ് 7ന് കഴിയും. പൂര്‍ണമായും സൈനികതലത്തില്‍ ആശയവിനിമയത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം കൂടിയാണ് ജിസാറ്റ്-7. ശത്രുക്കളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയെക്കുറിച്ച് അതാത് സമയത്ത് കൃത്യമായ വിവരങ്ങള്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് കൈമാറാന്‍ ഉപഗ്രഹം വഴിയുള്ള ആശയവിനിമയം സഹായിക്കും.
34 മിനിറ്റു യാത്രക്കു ശേഷം ഉപഗ്രഹം ഭ്രമണപദത്തില്‍ വിജയകരമായി എത്തിയതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച നാവിക ഓപ്പറേഷനുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെ രാജ്യം ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ അരുണ്‍സിംഗ് ബാംഗളൂരിലെ ഐഎസ്‌ആര്‍ഒ കേന്ദ്രത്തിന്റെ ഡയറക്‌ടര്‍ എസ്.കെ ശിവകുമാര്‍ തുടങ്ങിയവര്‍ ജിസാറ്റ്-7ന്റെ വിക്ഷേപണത്തിനു സാക്ഷികളായി.
ഇതുവരെ ഗ്ലോബല്‍ മൊബൈല്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് സര്‍വീസായ ഇന്മാര്‍സാറ്റ് വഴിയാണ് നാവികസേനയില്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇത് ലൈന്‍ ഓഫ് സൈറ്റ്, അയണമണ്ഡലം എന്നീ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജിസാറ്റ്-7ന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
https://www.facebook.com/Malayalivartha