രാജ്ഗഢിൽ പെട്രോൾ പമ്പിൽ തീപിടിത്തം... പന്ത്രണ്ട് പേർക്ക് പരുക്ക്

മധ്യപ്രദേശിലെ രാജ്ഗഢിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ പച്ചോർ പട്ടണത്തിലെ പെട്രോൾ പമ്പിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിൽ നിന്ന് തെറിച്ച തീപ്പൊരിയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് . ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടരുകയും പിന്നാലെ പമ്പിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാവുകയുമായിരുന്നു.
പമ്പിലുണ്ടായിരുന്ന ഡീസൽ ടാങ്കറിലേക്കും തീ പടർന്നു പിടിച്ചു. അപകടത്തിൽ 12 ബൈക്കുകൾ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























