റിമോട്ടിനെ ചൊല്ലി സഹോദരിമാർ തമ്മിൽ തർക്കം; പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. ടിവി യുടെ റിമോട്ടിനെ ചൊല്ലി മൂത്ത സഹോദരിയുമായി കലഹിച്ച ശേഷമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. ചൊവ്വാഴ്ച രാവിലെ നോയിഡ സെക്ടർ 12 ൽ ആയിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഇൻഡോറിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച മാനുഷി രാവത്ത്.
മാതാപിതാക്കളും മാനുഷിയും മൂത്ത സഹോദരിയും സെക്ടർ 12 ൽ മൂന്നു നില വീട്ടിലാണ് താമസം. മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ സഹോദരിമാർ റിമോട്ടിനു വേണ്ടി വഴക്കുകൂടി. മൂത്ത സഹോദരി റിമോട്ട് നൽകാത്തതിൽ പിണങ്ങി മുറിക്കുള്ളിലേയ്ക്കുപോയ മാനുഷി സ്കാർഫിൽ തൂങ്ങിമരിക്കുകയായിരുന്നു.
മുകൾ നിലയിലുണ്ടായിരുന്ന മുത്തശി കുട്ടിയെ കാണാതെ താഴേയ്ക്കു ഇറങ്ങിവന്നപ്പോഴാണ് ജനാലയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഇവർ ബഹളം കൂട്ടിയതിനെ തുടർന്ന് അയൽവാസികളെത്തി പെൺകുട്ടിയെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























