കളിമണ്ണിലെ ശ്വേതയെ പോലെ, മസ്തിഷ്‌ക മരണം സംഭവിച്ച കൂട്ടുകാരന്റെ കുഞ്ഞിനെ വളര്‍ത്താന്‍ കാലിഫോര്‍ണിയയില്‍ ഒരമ്മ

കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സിനിമയാണ് ബ്ലെസിയുടെ കളിമണ്ണ്. എന്നാല്‍, സിനിമ പുറത്തിറങ്ങിയപ്പോള്‍ ഈ ബഹളങ്ങള്‍ക്കൊന്നും അര്‍ഥമില്ലായിരുന്നുവെന്ന് മനസിലായി. ചിത്രത്തില്‍ ശ്വേത മേനോന്‍ അവതരിപ്പിച്ച കഥാപാത്രം മലയാളികളെ ഏറെ സ്വാധീനിക്കുകയും ചെയ്തു. മസ്തിഷ്‌ക്ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ശേഖരിച്ച് അതുവഴി അമ്മയാകുന്ന ശ്വേത നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിനു പ്രമേയമായത്. കളിമണ്ണിലെ ഈ കഥ കാലിഫോര്‍ണിയയില്‍ ജീവിതമാകുകയാണ്.
അരിസോണ സ്വദേശിയായ സ്‌റ്റെഫാനി ലൂക്കസ് എന്ന 22കാരിയാണ് ശ്വേതയെപ്പോലെ ബീജം സ്വീകരിച്ച് അമ്മയാകാന്‍ തയാറെടുക്കുന്നത്. സ്‌റ്റെഫാനിയുടെ പ്രതിശ്രുത വരന്‍ കാമറോണ്‍ റോബിനെറ്റിന് കഴിഞ്ഞ ദിവസം നടന്ന ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക്കമരണം സംഭവിച്ചു. ഇനി കാമറോണ്‍ ജീവിതത്തിലേക്ക് മടങ്ങുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ല. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. വിവാഹശേഷം ഒരുമിച്ചു താമസിക്കാനുള്ള വീട് കണ്ടെത്താനുള്ള യാത്രയ്ക്കിടയിലാണ് 25കാരനായ കാമറോണിനെ വിധി തോല്‍പ്പിച്ചത്.
ഒരുമിച്ചുള്ള ജീവിതവും അതിലുണ്ടാകുന്ന കുഞ്ഞുങ്ങളെയും കുറിച്ചൊക്കെ എപ്പോഴും സംസാരിക്കുമായിരുന്ന കൂട്ടുകാരനെ വിധിയുടെ പേരുപറഞ്ഞ് മറക്കാന്‍ സ്റ്റെഫാനിക്കാവുന്നില്ല. അടുത്തിടെ ഒരുമിച്ച് ഷോപ്പിംഗിനു പോയപ്പോള്‍ കാമറോണ്‍ വാങ്ങിയ കുഞ്ഞുടുപ്പുകള്‍ കാണുംതോറും സ്‌റ്റെഫാനിക്ക് സങ്കടം അടക്കാനാകുന്നില്ല. തന്റെ കൂട്ടുകാരന്‍ ഏറെ ആഗ്രഹിച്ച ആ കുഞ്ഞതിഥിയെ അവള്‍ക്കും മറക്കാനാകുന്നില്ല. കാമറോണിന്റെ ജീവന്‍ തന്നെ തന്നോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിച്ചാണ് സ്റ്റെഫാനി അദ്ദേഹത്തിന്റെ ബീജം എടുത്ത് ശീതീകരിച്ച് സൂക്ഷിച്ച ശേഷം അമ്മയാകാന്‍ തീരുമാനിച്ചത്.
എന്നാല്‍ അവള്‍ക്ക് അതിനുള്ള പണം കൈവശമില്ലായിരുന്നു. ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ 6000 ഡോളറോളം വേണം. അതിനുള്ള വഴി ആലോചിക്കുമ്പോഴാണ് ഗോ ഫണ്ട് മീ വെബ്‌സൈറ്റിനെകുറിച്ച് സ്റ്റെഫാനി ഓര്‍മ്മിച്ചത്. തീവ്രദുഖത്തിന്റെ സമയത്തും അവള്‍ മനസ്സുറപ്പോടെ ഓണ്‍ലൈനില്‍ സന്ദേശമെഴുതി. അവരുടെ സ്‌നേഹബന്ധത്തിന്റേയും കുഞ്ഞുങ്ങള്‍ക്കായി അവരാഗ്രഹിച്ചിരുന്നതിന്റെയും ബൈക്കപകടത്തിന്റെയും വിവരങ്ങള്‍ തുറന്നെഴുതി. തന്റെ പ്രതിശ്രുത വരന്‍ മരണപ്പെട്ടു കഴിഞ്ഞിട്ടും അവന്റെ കുഞ്ഞിന്റെ അമ്മയാകാനാഗ്രഹിക്കുന്ന സ്ത്രീ ഹൃദയത്തെ ഓണ്‍ ലൈന്‍ വായനക്കാര്‍ ഉദാരമായ സംഭാവനകളോടെ അംഗീകാരം നല്‍കി മാനിച്ചു. 11,000 ഡോളറാണ് ഓണ്‍ലൈന്‍ സംഭാവനയായി സ്റ്റെഫനിയുടെ പക്കലെത്തിയത്. കൃതജ്ഞതയ്ക്കുമപ്പുറമുള്ള സന്തോഷം ഓരോരുത്തരോടും അറിയിക്കുവെന്നു പറയുന്ന സ്റ്റെഫാനി ആ കുഞ്ഞ്, ഇരുകുടുംബങ്ങളുടെയും ഓമനയായി സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുകൊടുക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha