കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി! സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം ഇതാണ്...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.
പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി. കത്ത് നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.
ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ്.
കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപെട്ടത്.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് വാദിച്ചു. ഇത് കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha