കുന്നംകുളത്തും സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ സ്ഥാപിക്കാന്‍ കായികവകുപ്പ്
കുന്നംകുളം ഗവ. സ്കൂളിനു സമീപത്തെ സ്റ്റേഡിയത്തില്‍ സ്ഥലം കണ്ടെത്തിയതോടെ കായിക വിദ്യാര്‍ഥികള്‍ക്കും താരങ്ങള്‍ക്കുമായി കുന്നംകുളത്ത് ഒരു സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. നിലവില്‍ തിരുവനന്തപുരത്തു മാത്രമുള്ള സ്പോര്‍ട്സ് മെഡിസിന് സെന്റര്‍, കുന്നംകുളത്തിനു പുറമെ കണ്ണൂരിലും സ്ഥാപിക്കാനാണ് കായികവകുപ്പ് ഒരുങ്ങുന്നത്.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന്, സെക്രട്ടറി കെ.ആര്. സുരേഷ്, സ്പോര്‍ട്സ് ഓഫിസര്‍ എം.വി. സൈമണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കും.
സ്പോര്‍ട്സ് വിഭാഗം ഡോക്ടറുടെയും അനുബന്ധ ജീവനക്കാരുടെയും നേതൃത്വത്തിലുള്ള സംഘം സെന്ററില്‍ മുഴുവന്‍ സമയവും വൈദ്യസഹായം ഒരുക്കും. വെയ്റ്റ്ലിഫ്റ്റിങ് പരിശീലന സെന്ററും ഇതോടൊപ്പം നിര്‍മിക്കും.
കായികവകുപ്പ് ജില്ലയില്‍ നിര്‍മിക്കുന്ന വേലൂര്‍ ഫുട്ബോള്‍ സ്റ്റേഡിയം, കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയും അവസാന ഘട്ടത്തിലാണ്. ലാലൂരില്‍ ഐ.എം. വിജയന്റെ പേരില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha