ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാകാൻ മഞ്ജുവില്ല...സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു എന്നത് വ്യാജ വാർത്തയെന്ന് ചിത്രത്തിന്റെ സംവിധായകൻ
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു എന്നുള്ള വാർത്ത സിനിമ കോളങ്ങളിൽ ചൂടേറിയ ചർച്ച വിഷയമായിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന ആരോപണവുമായി സംവിധായകൻ എം ഹരികുമാർ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സംവിധായകൻ തുറന്ന് പറഞ്ഞത്. ചിത്രത്തിൽ പാർവതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്തകളും പ്രചരിച്ചിരുന്നു.
തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ലെന്നും പുറത്തു വന്ന വാർത്ത വ്യാജമാണെന്നും ആണ് സംവിധായകൻ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിട്ടില്ലെന്നും വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ താരങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിടുമെന്നും ഹരികുമാർ വ്യക്തമാക്കി .
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ചെറു കഥയിൽ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം പങ്കുവെക്കുന്നത് . കടം വാങ്ങി ജീവിതം നീക്കികൊണ്ട് പേകുന്ന സജീവനിൽ നിന്ന് ഓട്ടോ ഏറ്റെടുത്തു രാധിക ഓടിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ഒടുവിൽ രാധിക ഓട്ടോതൊഴിലാളിയായി മാറുന്നതുമൊക്കെയാണ് ഓട്ടോക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ പ്രമേയം.
https://www.facebook.com/Malayalivartha