കോവിഡ് പരീക്ഷണശാലയായി ഇറ്റലിയിലെ 'നെറോല; ഗ്രാമം വളഞ്ഞ് പൂട്ടി സൈന്യം; ഇറ്റലിയിലെ മനുഷ്യ കൊറോണ വൈറസ് പരീക്ഷണകേന്ദ്രം

ദുഃസ്വപ്നങ്ങളിൽ വിരിയുന്ന ഏകാന്ത തടവറയിൽപ്പെട്ട ഒരു കൂട്ടത്തിന്റെ കഥ പോലെ വിചിത്രമാണ് ഇപ്പോൾ ഇറ്റലിയുടെ അവസ്ഥ. ഒരു സുപ്രഭാതത്തിൽ ഗ്രാമം നിറഞ്ഞ് സൈനികർ വളയുക. അതിനെ അടച്ചുപൂട്ടി താക്കോൽ കൈക്കലാക്കുക. അവിടെ അധിവസിക്കുന്ന എല്ലാവരെയും വീടുകളിൽ നിന്നു പുറത്തിറങ്ങാനാവത്ത വിധം ക്വാറന്റീനിലാക്കുക. ഗ്രാമത്തെ അതീവ ജാഗ്രതാ മേഖലയായി, റെഡ് സോൺ ആയി പ്രഖ്യാപിച്ച് നിരീക്ഷണത്തിൽ വയ്ക്കുക. പുറത്തു നിന്നുള്ള എല്ലാ വാതിലുകളും അവർക്കു മുന്നിൽ കൊട്ടിയടയ്ക്കുക..... ഇത് മഹാമാരിയിൽ വിറങ്ങലിച്ച ഇറ്റലി എന്ന രാജ്യത്തെ ഒരു ചെറിയ ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥയാണ്. നോക്കൂ എത്ര ദയനീയമാണ് ആ അവസ്ഥ .
മനുഷ്യനെ പരസ്പരം അകറ്റി നിർത്തി, ജില്ലകളും സംസ്ഥാനങ്ങളും എന്തിന് രാജ്യങ്ങൾ തന്നെ കൊട്ടിയടച്ച് കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. ചൈനയ്ക്ക് ശേഷം ഇപ്പോൾ ഇറ്റലിയിൽ കോവിഡ് സംഹാരതാണ്ഡവമാടുകയാണ് . നിലവിൽ 15,000 മേൽ മരണസംഖ്യ ഉയർന്ന ഇറ്റലി, ഒരൊറ്റ ദിവസം കൊണ്ട് ഒരു രാജ്യത്ത് ഉണ്ടാകാവുന്ന ഏറ്റവും കൂടുതൽ മരണനിരക്ക് ആദ്യം രേഖപ്പെടുത്തിയ രാജ്യമാണ്. കൊറോണ വൈറസ് നിയന്ത്രണാതീതമായി ഇറ്റലിയിലെ പൗരന്മാരെ പിടികൂടിയപ്പോൾ, മരണസംഖ്യ കുതിച്ച് ഉയർന്നപ്പോൾ, ലോകം തന്നെ ഭീതിയുടെ ഇരുട്ടിലായി. എന്തുകൊണ്ട് ഇങ്ങനെ വളരെ കുറച്ച് ശതമാനം മാത്രം മരണം സംഭിവിക്കാവുന്ന ഒരു രോഗം മൂലം ഇറ്റലി ശ്മശാന സമാനമായി മാറുന്നു എന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉയർന്നു.
ഇതിന്റെ കാരണം തേടി തന്നെയാണ് ഇറ്റലിയിലെ ഒരു ചെറിയ ഗ്രാമമായ നെറോല കഴിഞ്ഞ ആഴ്ച പൊടുന്നനെ അടച്ചുപൂട്ടിയത്. നെറോലയിലെ ഒരു കെയർ ഹോമിൽ നിന്നാണ് ഗ്രാത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് വളരെവേഗത്തിൽ നിരവധി ആളുകളിലേക്കു പടർന്നു. ഡോക്ടർമാർക്ക് തിരിച്ചറിയാൻ കഴിയുന്നതിനു മുമ്പേ വൈറസ് അധികം ആളുകളിൽ പ്രവേശിച്ചിരുന്നു. ഇതോടെ ഗ്രാമത്തെ റെഡ് സോൺ ആയി പ്രഖ്യാപിച്ച് രാജ്യത്തിൽ നിന്നും ലോകത്തിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. കോറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത പുറത്തുകൊണ്ടുവരാൻ റോമിനോട് ചേർന്നു കിടക്കുന്ന ഈ മലമ്പ്രദേശത്തിന് സാധിക്കുമോ എന്നാണ് ഇപ്പോൾ ഇറ്റലി ഉറ്റുനോക്കുന്നത്. നെറോലയുമായി ബന്ധപ്പെട്ട് രാജ്യാന്തര മാധ്യമമായ ബിബിസി പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഒരു പരീക്ഷണ കേന്ദമായി മാറിയ ഗ്രാമത്തിന്റെ കഥ പുറത്തുവരുന്നത്.
1,900 ആളുകൾ മാത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നെറോല. കഴിഞ്ഞ ആഴ്ച 77 പുതിയ കൊറോണ വൈറസ് ബാധിതരെയാണ് നെറോലയിൽ കണ്ടെത്തിയത്. അതിൽ രണ്ടു പേർ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനെ തുടർന്ന് ഗ്രാമത്തെ റെഡ് സോൺ ആയി പ്രഖ്യാപിച്ച് മുഴുവൻ ആളുകളോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് നെറോല മേയർ ബിബിസിയോട് പറഞ്ഞു.
‘ജനങ്ങളെല്ലാം വളരെ വിഷമത്തിലാണ്. ആകെ ആശയക്കുഴപ്പത്തിലാണ്. ജനങ്ങൾ ഫോണിൽ വിളിച്ച് ചോദിക്കുന്നത് ഞങ്ങൾ രോഗബാധിരാണോ, എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ്. ഒരു പ്രശ്നവുമില്ല, എല്ലാം നല്ലതിനാണെന്ന് ഞാൻ മറുപടി പറയും. ഇതെല്ലാം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്, ഇങ്ങനെ ചെയ്തേ മതിയാകൂ, ഇത് നമ്മുടെ ത്യാഗമാണെന്നു തന്നെ പറയാം’– മേയർ പറഞ്ഞു.
ക്വാറന്റീൻ, ഐസലേഷൻ എന്നൊക്കെ നമ്മൾ കേൾക്കുന്നതിൽ നിന്നും അഭിമുഖീകരിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇവരുടെ അവസ്ഥയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എല്ലാവരും പെട്ടെന്നൊരു ദിവസം വീടുകളിൽ ക്വാറന്റീനിൽ. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ അറിയാൻ കഴിയാത്ത അവസ്ഥ. അതിർത്തി ചുറ്റി സൈനികർ. ഭക്ഷണമോ മരുന്നോ വാങ്ങാൻ പോലും ഇവർക്ക് പുറത്തേക്കു പോകാൻ അനുവാദമില്ല. അവശ്യസാധനങ്ങൾ വാങ്ങി നൽകും. ജനങ്ങളുടെ മേൽ വല്ലാത്തൊരു ഭീതിയുടെ നിഴൽ വീണെന്നാണ് ഗ്രമവാസികളുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
കെയർ ഹോമിൽ ചികിത്സിച്ചിരുന്ന ഒരു ഡോക്ടർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. 1994 മുതൽ ഇവർ കെയർ ഹോമിൽ ജോലി ചെയ്തു വരികയാണ്.‘ ‘ആദ്യം അത് കൊറോണ വൈറസാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ചില ആളുകൾ വേഗം രോഗബാധിതരായി തുടങ്ങി. അവരെല്ലാം പ്രായമായവരാണ്. അതിനാൽ രോഗം പടർന്നപ്പോഴും നേരത്തേതുപോലെ സാധാരണയായാണ് കണ്ടത്. എന്നാൽ ഞായറാഴ്ചയോടെ പെട്ടെന്ന് സ്ഥിതി വഷളാകാൻ തുടങ്ങി. ഞാൻ വളെരെ ആശങ്കയിലാണ് അവരെയോർത്ത്, കാരണം അവരെല്ലാം തന്നെ പ്രായമായവരാണ്. മാത്രമല്ല മറ്റു പല അസുഖങ്ങളും അവർക്കുണ്ട്. അതിൽ 104 വയസ്സുള്ള ഒരു സ്ത്രീ വരെയുണ്ട്’– രോഗം ഭേദമായെങ്കിലും ക്വാറന്റീനിൽ താമസിക്കുന്ന ഡോക്ടർ ബിബിസി പ്രതിനിധിയോട് പറഞ്ഞു.
അപ്പോഴും എന്തുകൊണ്ടാണ് രോഗമുള്ളവരെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും ഒഴിച്ച് ഒരു ഗ്രാമത്തെ മുഴുവൻ ക്വാറന്റീനിൽ ആക്കിയതെന്ന ചോദ്യം ബാക്കിയാണ്. അതിന് ആരോഗ്യമേഖലയിലെ അധികൃതർ നൽകുന്ന മറുപടി ഇങ്ങനെയാണ്.‘ നെറോലയിലെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഇനിയും വൈറസ് വ്യാപനം ഉണ്ടായാൽ അതിനെ പിടിച്ചുകെട്ടാൻ പ്രയാസമാകും.
ഒരു മനുഷ്യ കൊറോണ വൈറസ് പരീക്ഷണകേന്ദ്രമായി ഗ്രാമം മാറിയിരിക്കുന്നു എന്നതാണു വസ്തുത. ഒരാളെയും ഒഴിവാക്കാതെ എല്ലാവരെയും ഇവിടെ പരിശോധിക്കുകയാണ്. ഇതിലൂടെ എത്ര പേർക്ക് വൈറസ് ബാധ ഉണ്ടായെന്നും വൈറസിന്റെ വിതരണം എങ്ങനെയാണെന്നും മറ്റും മനസ്സിലാക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ജനസംഖ്യ വളരെ കുറവായതിനാൽ പെട്ടെന്നു തന്നെ എല്ലാവരിലും പരിശോധന നടത്താനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ‘രാജ്യത്തെ എല്ലാവരും ഇതുപോലെ പരിശോധന നടത്തണമെന്നാണ് ഞാൻ പറയുന്നത്. നമ്മുടെ ഈ സമർപ്പണം മുഴുവൻ ശാസ്ത്രീയ സമൂഹത്തിനും ഒരു മുതൽകൂട്ടാവും’–മേയർ പറയുന്നു.
കെയർ ഹോമിൽ നിന്നാണ് ഗ്രാമത്തിൽ രോഗബാധ ഉണ്ടായത്. കണ്ടെത്തുന്നതിനു മുമ്പേ പടരുകയും ചെയ്തു. അതുകൊണ്ടു തന്നെ എങ്ങനെയാണ് രോഗബാധ ഗ്രാമത്തിലുണ്ടായതെന്നും ഏതൊക്ക രീതിയിലാണ് പടർന്നതെന്നതും മുഖ്യമാണ്. എത്ര പേർ രോഗ ലക്ഷണങ്ങൾ കാണിക്കുന്നെന്നും എത്രപേരിൽ രോഗം ഉണ്ടെന്നും പരിശോധിച്ചുവരികയാണ്. എങ്ങനെയാണ് ഇവിടെ വൈറസ് വ്യാപനം ഉണ്ടായതെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ. രോഗം വന്നതും പടർന്നതുമായി വഴികൾ കണ്ടെത്താനാണ് ഇവർ ശ്രമിക്കുന്നത്. എതൊക്കെ ചികിത്സാ രീതികൾ ഫലപ്രദമാകുമെന്നും ഇവർ അന്വേഷിക്കുന്നു.
എന്നാൽ ഒരു രോഗവ്യാപനത്തിന്റെ പേരിൽ ഈ പ്രദേശത്തെ തന്നെ ഭൂപടത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് നല്ലതെന്നുവരെ അധികാരികൾ ചിന്തിക്കുന്നു എന്നതാണ് അത്ഭുതം. ഗ്രാമത്തിലേക്ക് വഴികാണിക്കുന്ന ദിശാസൂചികകളെല്ലാം തന്നെ അവർ നീക്കം ചെയ്തു. മേയറുടെ നിർബന്ധപ്രകാരം തിരികെ വയ്ക്കുകയായിരുന്നെന്ന് അവർ പറയുന്നു.‘ആർക്കും ഞങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റാനാകില്ല. ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ നിലനിൽക്കുന്നു, ജീവനോടെ തന്നെ്. ജീവിച്ചിരിക്കുക എന്നതു തന്നയാണ് ഞങ്ങളുടെ ആവശ്യവും’ അതെ ഇറ്റലി പ്രതീക്ഷയോടെ മുന്നേറുകയാണ്. ആ പ്രതീക്ഷയോടൊപ്പം ലോകവും.
https://www.facebook.com/Malayalivartha