ലോക്ക് ഡൗണ്‍ കാലത്ത് റോഡുകള്‍ കീഴടക്കിയ രാജാക്കന്മാര്‍...

ഈ ലോക്ക് ഡൗണ്‍ കാലത്ത് കിട്ടിയ അവസരം മുതലെടുക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ രാജാക്കന്മാര്‍. സാധാരണ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ് നിന്നിരുന്ന റോഡില്‍ ഇപ്പോള്‍ സിംഹങ്ങള്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. പാര്‍ക്ക് റേഞ്ചര്‍ റിച്ചാര്‍ഡ് സോവ്‌റി കഴിഞ്ഞ ദിവസം നടത്തിയ പെട്രോളിംഗിനിടെയാണ് ആരുടെയും ശല്യമില്ലാതെ റോഡില്‍ നിരനിരയായി വിശ്രമിക്കുന്ന സിംഹങ്ങളെ കണ്ടത്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് അടഞ്ഞു കിടക്കുകയാണ്. മുമ്ബ് രാത്രികാലങ്ങളില്‍ മാത്രമാണ് സിംഹങ്ങളെ റോഡുകളിലും മറ്റും റേഞ്ചര്‍മാര്‍ കണ്ടിരുന്നത്. ഇവര്‍ കൂട്ടമായി റോഡുകളില്‍ അങ്ങനെ വിശ്രമിക്കാറില്ല. ചിലപ്പോള്‍ ശൈത്യകാലത്ത് റോഡുകളില്‍ വിശ്രമിക്കാറുണ്ട്.
പാര്‍ക്ക് അടഞ്ഞു കിടക്കുന്നതിനാല്‍ മൃഗങ്ങളെല്ലാം ഇപ്പോള്‍ പലഭാഗത്തും ഓടി നടക്കുന്നത് കാണാം. അതേ സമയം, പാര്‍ക്കിന്റെ അടച്ചിടല്‍ മൃഗങ്ങളുടെ സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് റേഞ്ചര്‍മാര്‍ പറയുന്നു. ലോക്ക് ഡൗണാണെങ്കിലും ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷണ പാര്‍ക്കുകളിലൊന്നായ ക്രൂഗറിലെ വന്യജീവികളെ റേഞ്ചര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ മൃഗങ്ങളെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ആഫ്രിക്കയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് സൗത്ത് ആഫ്രിക്ക. 2,506 പേര്‍ക്ക് ഇതേവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 34 പേരാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ ഇപ്പോള്‍ തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha