പ്രതികള്‍ക്ക് കുറഞ്ഞ ജാമ്യത്തുക വിധിക്കാമെന്നും മോചിപ്പിക്കാം എന്നും പ്രലോഭിപ്പിച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജഡ്ജി രാജി വച്ചു

അമേരിക്കയിലെ ആര്‍ക്കന്‍സാസിലുള്ള കാരല്‍ കൗണ്ടി ജില്ലാ കോടതിയിലെ ജഡ്ജി തിമോത്തി പാര്‍ക്കര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാജി വച്ചു. വിചാരണയ്ക്കായി തന്റെ മുന്നിലെത്തുന്ന പ്രതികളെ പ്രലോഭിപ്പിച്ച് തന്റെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
ഇയാള്‍ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അച്ചടക്കകമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. അവര്‍ നിയമനടപടികള്‍ എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് രാജി വയ്ക്കാന്‍ സന്നദ്ധനായത്. ഇനി ഒരിക്കലും നീതിന്യായ ബഞ്ചിന്റെ ഭാഗമാകാന്‍ അവകാശം ഉന്നയിക്കില്ലെന്നും അയാള്‍ സമ്മതിച്ചിട്ടുണ്ട്.
പ്രസ്തുത ജഡ്ജി തങ്ങളോട് ലൈംഗികമായി ഇടപെട്ടു എന്നതിന് തെളിവു നല്‍കാന്‍ സന്നദ്ധരായി 12 ഓളം സ്ത്രീകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ജഡ്ജിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൊടുത്താല്‍ തങ്ങള്‍ക്ക് കുറഞ്ഞ ജാമ്യത്തുക വിധിയ്ക്കാമെന്നും അല്ലെങ്കില്‍ ശിക്ഷ വിധിയ്ക്കാതെ വിട്ടയ്ക്കാമെന്നുമൊക്കെ തങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് വനിതാ പ്രതികള്‍ പ്രോസിക്യൂട്ടര്‍മാര്‍ അടങ്ങിയ അച്ചടക്ക കമ്മിറ്റിയെ അറിയിച്ചു.
ജയിലിലായിരുന്ന പ്രതികളെ ജഡ്ജി അവിടെ പോയി കണ്ടിട്ടുണ്ടെന്നും അവിടെ വച്ച് അവര്‍ സംഭാഷണത്തിലേര്‍പ്പെട്ടതെല്ലാം തങ്ങള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. പ്രസ്തുത സ്ത്രീകള്‍ക്ക് അയാള്‍ അയച്ചിട്ടുള്ള ടെക്സ്റ്റ് മേസേജുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അത് അയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമായി തെളിയിക്കുന്നുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ലൈംഗികകുറ്റത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പാര്‍ക്കര്‍ നിഷേധിച്ചതായി ജുഡീഷ്യല്‍ ഡിസിപ്ലിന്‍ ആന്റ് ഡിസെബിലിറ്റി കമ്മീഷന്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി. എന്നാല്‍ തന്റെ സുഹൃത്തുക്കളായ ചിലര്‍ക്കും, മുമ്പ് തന്റെ കക്ഷികളായിരുന്ന ചിലര്‍ക്കുമൊക്കെ ജാമ്യത്തുക കുറവു ചെയ്തു കൊടുക്കുകയും കുറ്റം ചെയ്തതായി തെളിഞ്ഞില്ലെന്നു വിധിച്ച് വിട്ടയക്കുകയും ചെയ്തിട്ടുണ്ടെന്നും അയാള്‍ സമ്മതിച്ചത്രേ. അപ്രകാരം മോചനം ലഭിച്ച പ്രതികളെ തന്റെ സ്വന്തം വാഹനത്തില്‍ കയറ്റി അവരുടെ വീടുകളില്‍ കൊണ്ടു ചെന്നു വിട്ടിട്ടുണ്ടെന്നും അയാള്‍ സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























