യഥാര്‍ത്ഥത്തില്‍ മന്ത്രിസഭയിലെ ആര്‍എസ്എസുകാരന്‍ ആര്?തിരുവഞ്ചൂര്‍ അറിയാതെ എങ്ങനെ കേസ് പിന്‍വലിച്ചു? എംജി കോളെജ് കേസ് പിന്‍വലിച്ചതിലെ വിവാദം കൊഴുക്കുന്നു

എംജി കോളെജ് കേസ് പിന്‍വലിച്ച സംഭവത്തിലെ വിവാദം അടങ്ങുന്നില്ല. 2005ല്‍ കോളെജിലെ സംഘര്‍ഷത്തിനിടെ സിഐയെ ബോംബെറിഞ്ഞു കൊല്ലാന്‍ നോക്കി എന്ന എബിവിപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയുള്ള കേസാണ് പിന്‍വലിച്ചിരിക്കുന്നത്. സംഭവം പുറത്തായതോടെ മന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുകയാണ്. കേസ് താനല്ല പിന്‍വലിച്ചതെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല പ്രതികരിച്ചു. 2012ലാണ് കേസ് പിന്‍വലിച്ചത്. അന്ന് താനല്ലായിരുന്നു ആഭ്യന്തരമന്ത്രി എന്നു പറഞ്ഞ് അദ്ദേഹം പന്ത് തിരുവഞ്ചൂരിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊടുത്തു.
തിരുവഞ്ചൂരാകട്ടെ കേസ് പിന്‍വലിച്ചതാരാണെന്ന് ഫയല്‍ പരിശോധിച്ചാല്‍ അറിയാമെന്നും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ പേര് പറയുമെന്ന് കരുതുന്നില്ലെന്നുമാണ് പറഞ്ഞത്. ഇതോടെ ഫയല്‍ പരിശോധിച്ച് ആരാണ് ഈ തീരുമാനം എടുത്തതെന്ന് കണ്ടെത്തണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. സംഗതി വിവാദവുമായി. എ.ബി.വി.പി, ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെ 32 പേരാണ് ഈ കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. എം.ജി.കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനം പരിഹരിക്കാന്‍ പോയ സിഐ മോഹനന്‍നായര്‍ക്കെതിരെ നേതാക്കള്‍ ബോംബെറിഞ്ഞതാണ് കേസ്.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസിനകത്തു തന്നെ ഇതു പ്രശ്‌നമായിരിക്കുകയാണ്. കേസ് പിന്‍വലിക്കാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ചോദിച്ച് എ,ഐ നേതാക്കള്‍ പരസ്യമായ വാക്‌പോരും നടത്തുന്നു. കതിരൂര്‍ മനോജ് വധക്കേസ് സിബിഐയ്ക്കു വിട്ടതിനു പിന്നില്‍ ചെന്നിത്തലയാണ് എന്ന് സിപിഎം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ആര്‍എസ്എസിനെതിരെയുള്ള കേസ് കൂടി പിന്‍വലിച്ച സാഹചര്യത്തില്‍ ചെന്നിത്തലയെ ആര്‍എസ്എസ് മനസുള്ള മന്ത്രി എന്ന് പിണറായി വിജയന്‍ വിളിച്ചിരുന്നു. എന്നാല്‍ തിരുവഞ്ചൂരിന്റെ കാലത്താണ് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതെന്ന് ചെന്നിത്തല വെളിപ്പെടുത്തിയതോടെ സിപിഎമ്മും ചുവടുമാറ്റി.
ഇപ്പോള്‍ മുഖ്യമന്ത്രിയെ കൂടെ വിവാദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് കേസ് പിന്‍വലിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവഞ്ചൂരിന്റെ വിശദീകരണവും ഇതിനെ ന്യായീകരിക്കുന്നതാണ്. കേസ് പിന്‍വലിക്കാന്‍ അധികാരമുള്ള വകുപ്പ് മുഖ്യമന്ത്രിയുടെ അധീനതയിലാണെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞതിന്റെ പൊരുള്‍. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ ആര്‍എസ്എസുകാരന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ചെന്നിത്തലയോ, തിരുവഞ്ചൂരോ അതോ മുഖ്യമന്ത്രി തന്നെയോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















