വയനാട് മാവോവാദി - പോലീസ് ഏറ്റുമുട്ടൽ - നിങ്ങടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാര്‍ഗ്ഗമാണ് ഈ സി.പി ജലീലൊക്കെ പയറ്റുന്നത്; അവരെയാണ് പിണറായി സര്‍ക്കാര്‍ വെടി വെച്ചു കൊല്ലുന്നത് ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം എൽ എ വി ടി ബൽറാം

വയനാട് ലക്കിടി വൈത്തിരിയിൽ പോലീസ് - മാവോയിസ്റ്റ്ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം രംഗത്ത് .
ചെഗുവേര അടക്കമുള്ള നേതാക്കളുടെ മാര്‍ഗമാണ് മാവോവാദികൾ പയറ്റികൊണ്ടിരിക്കുന്നത്. അവരെയാണ് പിണറായി വിജയൻ സർക്കാർ പിന്നിൽ നിന്ന് വെടിവെച്ചുകൊല്ലുന്നതെന്ന് ബൽറാം വിമർശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പിണറായി സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ- അദ്ദേഹം പറയുന്നു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
നിങ്ങടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാര്‍ഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയന്‍ കാടിന് പകരം വയനാടന്‍ കാടുകള്‍ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാല്‍ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാര്‍ത്ഥ പ്രയോഗരീതികളിലും നിങ്ങള്‍ക്കില്ലാത്ത വിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടന്‍ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയന്‍ എന്ന നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ ഗവണ്‍മെന്റ് പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുന്നത്.
അതായത് ഒന്നുകില്‍ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിന്‍ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക,ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്‌ലക്‌സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക.
അതല്ലെങ്കില്‍ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അല്‍പ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക. ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ.
എം .എൽ . എ വി ടി ബൽറാമിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മനുഷ്യവകാശ പ്രവർത്തകൻ ഗ്രോ വാസുവും സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റുകളെയെല്ലാം കൊന്നു തള്ളുന്നതല്ല പ്രശ്ന പരിഹാരമെന്ന് ചെന്നിത്തല ആഞ്ഞടിച്ചിരുന്നു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയത് സര്‍ക്കാറിനുണ്ടായ തന്ത്രപരമായ പാളിച്ചയാണെന്നും . യു.ഡി.എഫ് ഭരണ കാലത്ത് ഒരു തുള്ളി രക്തം പോലും ചൊരിയാതെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയാനായെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട സിപി ജലീലിന്‍റെ പേരില്‍ എന്തെങ്കിലും കേസുകളുണ്ടോ എന്ന് പൊലീസ് വെളിപ്പെടുത്തണം. ഈ കുടുംബം തന്നെ മാവോയിസ്റ്റ് ആഭിമുഖ്യമുള്ള കുടുംബമാണ്. പുറകില്‍ നിന്നും വെടിവെച്ചു കൊന്നതാണ് എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജഏറ്റുമുട്ടലാണെന്ന് കൊല്ലപ്പെട്ട സിപി ജലീലിന്‍റെ സഹോദരന്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം
മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒരു തന്ത്രമോ പദ്ധതിയോ സംസ്ഥാന സർക്കാരിനില്ലെന്നും എല്ലാവരേയും കൊന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇതിനുപുറമേ, പൊലീസ് കൊല്ലാന്‍ വേണ്ടി തന്നെയാണ് വെടിവയ്ക്കുകയായിരുന്നുവെന്ന് ഗ്രൊ വാസു ആരോപിച്ചു. വെടിയുതീർത്ത നടപടിയിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. പൊലീസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കില്‍ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് ഗ്രൊ വാസു ചോദിച്ചത്.കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ഗ്രൊ വാസു ആരോപിച്ചു.
https://www.facebook.com/Malayalivartha

























