പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിച്ചില്ല, വൈത്തിരിയിലെ റിസോര്‍ട്ടില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ മൃതദേഹം സംസ്‌കരിക്കാൻ ആറടി മണ്ണ് വീട്ടുവളപ്പിനോട് ചേർന്ന് ഒരുക്കി...

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പാണ്ടിക്കാട് വളരാട്ടെ വീട്ടിലെത്തി. കുടുംബം താമസിക്കുന്ന വീടിനോടു ചേര്‍ന്നാണു കുഴിമാടം ഒരുക്കിയത്. ആകെയുള്ള നാലര സെന്റിലാണു 2 മുറിയും അടുക്കളയും അടങ്ങുന്ന വീട്. പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആറടി മണ്ണ് വീടിനോടു ചേര്‍ന്നു കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം 2.40നു വീട്ടിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം വന്‍ജനാവലിയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിക്കുമുന്നില്‍ തടിച്ചുകൂടിയത്. മൃതദേഹം വ്യാഴാഴ്ച തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്റുമോര്‍ട്ടം ഇന്നലത്തേയ്ക്ക് മാറ്റുകയായിരുന്നു.
രാവിലെ 8.45നു തുടങ്ങിയ പോസ്റ്റുമോര്‍ട്ടം 12.30 നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് സി.പി.ജലീലിന്റെ സഹോദരന്‍മാരായ സി.പി.റഷീദ്, സി.പി.ജിഷാദ് എന്നിവരും എം.എന്‍.രാവുണ്ണി, ഗ്രോ വാസു തുടങ്ങിയവരും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക അനുമതിയോടെ മോര്‍ച്ചറിക്കുമുന്നില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാട് വളരാടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും സംഘം സുരക്ഷയൊരുക്കി മൃതദേഹത്തെ അനുഗമിച്ചു.
മുദ്രാവാക്യം വിളികളോടെയാണ് ആംബുലന്‍സില്‍നിന്നു മൃതദേഹം ഏറ്റുവാങ്ങിയത്. ചെങ്കൊടിയില്‍ പൊതിഞ്ഞ ശരീരം വീട്ടിലേക്ക് ഇറക്കിയപ്പോള്‍ മാതാവ് അലീമ, സഹോദരിമാരായ നൂര്‍ജഹാന്‍, കദീജ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു. ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ ചടങ്ങില്‍ പങ്കെടുത്തില്ല. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം വഴിയില്‍ നിലയുറപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























